നാസി മുദ്രാവാക്യം ആവർത്തിച്ചതിന് ഫോക്സ് വാഗൻ മേധാവിയുടെ ഖേദ പ്രകടനം

09:05 PM Mar 16, 2019 | Deepika.com
ബർലിൻ: കന്പനിയുടെ ലാഭം വർധിപ്പിക്കുന്നതിന്‍റെ പ്രാധാന്യം വിശദീകരിക്കുന്നതിന് നാസി മുദ്രാവാക്യം ഉപയോഗിച്ചതിൽ ഫോക്സ് വാഗൻ ചീഫ് എക്സിക്യൂട്ടിവ് ഹെർബർട്ട് ഡയസ് ഖേദം പ്രകടിപ്പിച്ചു. അധ്വാനം നിങ്ങളെ സ്വതന്ത്രരാക്കുന്നു എന്നതിനോടു സാമ്യമുള്ള മുദ്രാവാക്യമാണ് കന്പനി പരിപാടിയിൽ ചീഫ് എക്സിക്യൂട്ടിവ് ഉപയോഗിച്ചത്. "അധ്വാനം' എന്നതിനു പകരം "വരുമാനം' എന്ന വാക്കാണ് പ്രയോഗിച്ചത്.

ഓഷ്വിറ്റ്സ് കോണ്‍സൻട്രേഷൻ ക്യാന്പിന്‍റെ ഗേറ്റിലും മറ്റും നാസികൾ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യമാണിത്. വാക്കുകളുടെ തെരഞ്ഞെടുപ്പിൽ തനിക്ക് ദൗർഭാഗ്യകരമായ പിഴവ് സംഭവിച്ചു എന്ന് ഡയസ് പിന്നീട് പുറത്തുവിട്ട വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. മെച്ചപ്പെട്ട സാന്പത്തിക സ്ഥിതിയിൽ ഫോക്സ് വാഗൻ ബ്രാൻഡുകൾക്കു ലഭിക്കുന്ന വർധിത സ്വാതന്ത്ര്യത്തെക്കുറിച്ചു പറയാൻ മാത്രമാണു താൻ ശ്രമിച്ചതെന്നുമായിരുന്നു വിശദീകരണം.

ജർമൻ കുടുംബങ്ങൾക്ക് സ്വന്തമായി കാർ വാങ്ങുക എന്ന മുൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ആശയത്തിന്‍റെ അടിസ്ഥാനത്തിൽ 1937ൽ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് ഫോക്സ് വാഗൻ. രണ്ടാം ലോകയുദ്ധ കാലത്ത് ജർമൻ സൈന്യത്തിന് ആവശ്യമായ പല വാഹനങ്ങളും നിർമിച്ചിരുന്നത് അവരാണ്. ഇതിനായി കോണ്‍സൻട്രേഷൻ ക്യാന്പുകളിലെ പതിനയ്യായിരത്തോളം അടിമ തൊഴിലാളികളെയും ഉപയോഗിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ