+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ഥ്യത്തോടെ "മന'

ഫ്രീമോണ്ട്, കലിഫോര്‍ണിയ: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മന ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം നടത്തി. "അറിവിന്‍റെ പാഠങ്ങളൊക്കെയുമരുളുന്നഗുരുസമക്ഷം കൂപ്പു കൈയാവുകനിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെത
ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാര്‍ഥ്യത്തോടെ
ഫ്രീമോണ്ട്, കലിഫോര്‍ണിയ: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മന ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം നടത്തി.

"അറിവിന്‍റെ പാഠങ്ങളൊക്കെയുമരുളുന്ന
ഗുരുസമക്ഷം കൂപ്പു കൈയാവുക
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ
താങ്ങുന്നൊരലിവിന്‍റെ നിഴലാവുക'

അരങ്ങില്‍ പ്രണവിന്‍റെ ആലാപനം തുടരുന്നു, നിറഞ്ഞസദസ് മനം നിറഞ്ഞ് ആസ്വദിക്കുന്നു. ചെറിയകുട്ടികള്‍ മുതല്‍, എല്ലാവരാലും ആദരിക്കപ്പെടുന്ന എഴുത്തുകാര്‍ വരെ ഉള്‍പ്പെടുന്ന സദസ്. ചിലര്‍ താളം പിടിക്കുന്നുണ്ട്.

"അച്ഛനുമമ്മയ്ക്കുമെപ്പോഴുമുണ്ണീ നീ
'വളരാതെ' യൊരു നല്ല മകനാവുക.
ആരു ഞാനാകണം? എന്നുണ്ണി ചോദിക്കി
ലാരാകിലും നല്ലതെന്നുത്തരം'

പ്രണവിന്‍റെ ആലാപനം അതിന്‍റെ പരിസമാപ്തിയിലെത്തുന്നു. ഒരു നിമിഷത്തെ നിശബ്ദത. പിന്നെ നിലയ്ക്കാത്ത കരഘോഷം. ഒന്നു പൊടിഞ്ഞ കണ്ണീര്‍ക്കണങ്ങള്‍ തുടച്ചുമാറ്റുന്നു ചിലര്‍.

ഇത് നടക്കുന്നത് മലയാളനാട്ടില്‍ അല്ല. മറിച്ച്, അമേരിക്കയിലെ കലിഫോര്‍ണിയയില്‍, സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്ത്, മന (Malayalam Academy of North America - MANA) യുടെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് 'എന്‍റെ മലയാളം' എന്ന പേരില്‍ നടത്തിയ മലയാള ദിനാഘോഷമായിരുന്നു വേദി. പ്രണവിന്‍റെ ആലാപനം പോലെ സദസ്യര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന നിരവധി പ്രകടനങ്ങളാല്‍ സമ്പന്നമായിരുന്നു മലയാള ദിനാഘോഷം.

മാര്‍ച്ച് 9 ന് കലിഫോര്‍ണിയയിലെ, ഫ്രിമോണ്ട് ഹോര്‍ണര്‍ ജൂണിയര്‍ ഹൈസ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മാതൃഭാഷാ സ്‌നേഹികളായ മലയാളി സമൂഹത്തില്‍ ഇതാദ്യമായി നടക്കുന്ന മലയാള ദിനാഘോഷം ഒരു വന്‍ വിജയമാക്കാന്‍ മന പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അക്ഷരാര്‍ത്ഥത്തില്‍ തയാറെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ വരച്ച അക്ഷരചിത്രങ്ങളാല്‍ വേദി അലങ്കരിച്ചിരുന്നു. അക്കാഡമിയില്‍ മലയാളം ഭാഷാ പഠനം നടത്തുന്ന എല്ലാ വിദ്യാര്‍ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട്, മലയാള ഭാഷയുമായി ബന്ധപ്പെട്ട വിവിധതരം മത്സരങ്ങളും ഇതോടോപ്പം സംഘടിപ്പിച്ചിരുന്നു.

കേട്ടെഴുത്ത്, ഓര്‍മ്മപരിശോധന, തര്‍ജ്ജിമ, കൈയ്യക്ഷരം, മുതലായ മത്സര ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കുട്ടികള്‍ അവതരിപ്പിച്ച പദ്യപാരായണം, പ്രസംഗം, ലളിതഗാനം, കഥ, ലഘുനാടകങ്ങള്‍ എന്നിവയും അരങ്ങേറി. കുഞ്ഞുണ്ണിമാഷിന്‍റെ കവിതകളും, ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയും, ജി ശങ്കരക്കുറുപ്പിന്‍റെ ഇളം ചുണ്ടുകള്‍ തുടങ്ങിയ കവിതകളും സദസ്യര്‍ ഏറെ ആസ്വദിച്ചു.

രക്ഷകര്‍ത്താക്കളായ രജനി ചന്ദ് രചനയും സംവിധാനവും ജിതേഷ് കൃഷ്ണനുണ്ണി സഹസംവിധനവും ചെയ്തു സാന്‍റാ ക്ലാര കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലഘു നാടകം കാലികപ്രാധാന്യവും കലാമൂല്യവും കൊണ്ട് വളരെ ശ്രദ്ധനേടി. അധ്യപിക അര്‍ച്ചന സംവിധാനം ചെയ്തു ഫ്രീമോണ്ട് കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഹ്രസ്വ നാടകം ലാളിത്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. അമേരിക്കയില്‍ ജനിച്ച് ഇംഗ്ലീഷ് ഭാഷയില്‍ അധ്യയനം നടത്തുന്ന കുരുന്നുകള്‍ മലയാള ഭാഷയുടെ തനതു സൗന്ദര്യത്തില്‍ അവതരിപ്പിച്ചു.

മലയാളദിനാഘോഷത്തിന് ആശംസയര്‍പ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ചുതന്ന ആശംസാസന്ദേശം മനയിലെ അധ്യാപകന്‍ ശിവകുമാര്‍ വായിച്ചു. വളര്‍ന്നുവരുന്ന പ്രവാസി തലമുറയ്ക്ക് മലയാള ഭാഷാപ്രാവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മന കാഴ്ചവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥിന്‍റെ സന്ദേശം അധ്യാപകനും അക്കാഡമിക് ഡയറക്ടറുമായ സജീവ് പിള്ളയും വനം പരിസ്ഥിതി മന്ത്രി അഡ്വ: കെ രാജുവിന്‍റെ സന്ദേശം അധ്യാപകന്‍ ജയദീപും അവതരിപ്പിച്ചു. മലയാളത്തിന്‍റെ പ്രിയ കവി പ്രഫ. മധുസൂദനന്‍ നായര്‍ അയച്ചുതന്ന സന്ദേശം അധ്യാപകന്‍ മധു മുകുന്ദന്‍ സദസില്‍ വായിച്ചു. “ആത്മവിശ്വാസവും സ്വതന്ത്രബോധവുമുള്ള ജനതയുണ്ടാവാന്‍ മാതൃഭാഷയുടെ മുലപ്പാല്‍ തന്നെ വേണമെന്ന ഉള്ളറിവില്‍ നിന്നാണ് മന പോലുള്ള കര്‍മ്മചൈതന്യങ്ങള്‍ പിറക്കുന്നത്.” മധുസൂദനന്‍ നായര്‍ സന്ദേശത്തില്‍ പറഞ്ഞു.

ബേ ഏരിയായിലെ പ്രമുഖ മലയാളം സാഹിത്യകാരന്മാരായ മാടശേരി നീലകണ്ഠന്‍ നമ്പൂതിരി, തമ്പി ആന്‍റണി, ബിന്ദു ടിജി, ഇഖ്‌ലാസ് ഒറ്റമാളിക തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്ന ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ നായരെ, മനയുടെ സ്ഥാപകനും ചെയര്‍മാനും അധ്യാപകനുമായ രാജേഷ് നായര്‍ ആദരിച്ചു. മനയുടെ ഉല്പത്തിയും പ്രവര്‍ത്തനങ്ങളും രാജേഷ് നായര്‍ സദസിന് വിശദീകരിച്ചുകൊടുത്തു. മനയിലെ അധ്യാപകരെ പ്രിന്‍സിപ്പല്‍ സ്മിത നായര്‍ സദസിന് പരിചയപ്പെടുത്തി. ജയപ്രദീപ് എല്ലാവര്‍ക്കും സ്വാഗതംവും സജീവ് പിള്ള നന്ദിയും പറഞ്ഞു.

മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് വിശിഷ്ടാതിഥികള്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. മനയിലെ അധ്യാപകരായ മധു മുകുന്ദന്‍,സുജിത് വിശ്വനാഥന്‍, സുരേഷ് ചന്ദ്രന്‍ എന്നിവരും കിരണ്‍ അശോകന്‍, അരവിന്ദ് നായര്‍, ഹരി ബാലകൃഷ്ണന്‍, സജേഷ് രാമചന്ദ്രന്‍, അനൂപ് വാര്യര്‍, ഹരികൃഷ്ണന്‍ പുതുശേരി, രഞ്ജിത് നായര്‍, കാര്‍ത്തിക് നാഥ് എന്നിവർ ചേർന്ന് പഞ്ചവാദ്യം സംഘടിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം