ലണ്ടൻ: കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദിക്ക് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഉൗർജ്ജം പകരാൻ കഴിവുള്ള പ്രഗത്ഭരും യുകെയിലെ സാംസ്കാരിക രംഗത്ത് പ്രശസ്തരുമടങ്ങിയ സമിതിയാണ് ഭരണസാരഥ്യം ഏൽക്കുന്നത്. ജനറൽ കോർഡിനേറ്ററായി റജി നന്തികാട്ട് തുടരും. സി.എ. ജോസഫ്, സിസിലി ജോർജ്, ജോർജ് അറങ്ങാശേരി, ടി. എം. സുലൈമാൻ എന്നിവർ കോർഡിനേറ്റർമാരായും സ്ഥാനമേക്കും.
സാംസ്കാരിക രംഗത്ത് വളരെ സജീവമായി ഇടപെടുന്ന റജി നന്തികാട്ട് കഴിഞ്ഞ നാലു വർഷമായി യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ചീഫ് എഡിറ്ററാണ്. ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്റെ അമരക്കാരനായും പ്രവർത്തിക്കുന്നു. വെളിച്ചം പബ്ലിക്കേഷൻസ് ഇതിനോടകം പ്രവാസി എഴുത്തുകാരുടെ നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രമുഖരായ എഴുത്തുകാരുടെ കൃതികളും വായനക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മലയാളം വായന എന്ന ഓണ്‍ലൈൻ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായും റജി നന്തികാട്ട് പ്രവർത്തിക്കുന്നു. നിലവിൽ എൻഫീൽഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പിആർഒ ആണ് ഇദ്ദേഹം.
നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുള്ള സി.എ. ജോസഫ് യുക്മയുടെ തുടക്കം മുതൽ കലാവിഭാഗം കണ്‍വീനർ, സാംസ്കാരിക വേദി ജനറൽ കണ്‍വീനർ, സാംസ്കാരിക വേദി വൈസ് ചെയർമാൻ, ജ്വാല ഇ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം, അയർക്കുന്നം മറ്റക്കര സംഗമം ജനറൽ കണ്‍വീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ലണ്ടനിലെ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന സിസിലി ജോർജ് നല്ലൊരു സാഹിത്യകാരിയും കലാകാരിയുമാണ്. പ്രമുഖ മലയാളി സംഘടനയായ എംഎയുകെയുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ സാംസ്കാരിക രംഗത്തും സാമൂഹ്യ രംഗത്തും ചെയ്യുന്ന സിസിലി ജോർജ് രണ്ടു കൃതികളുടെ രചയിതാവുമാണ്.
സ്കോട്ട്ലൻഡിലെ അബർഡീനിൽ താമസിക്കുന്ന ജോർജ് അറങ്ങാശേരി മലയാള സാഹിത്യ രംഗത്ത് വേറിട്ട രചനാശൈലിയിലൂടെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാണ്. യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായ ജോർജ് അറങ്ങാശേരിയുടെ രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലണ്ടനിൽ ട്രാവൽ മാനേജരായി ജോലി ചെയ്യുന്ന ടി.എം. സുലൈമാൻ കോട്ടയം സ്വദേശിയാണ്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ലേഖനങ്ങളും എഴുതിയിട്ടുള്ള ഇദ്ദേഹം ഐഎടിഎ സെർട്ടിഫൈഡ് ഇന്റർനാഷണൽ ട്രാവൽ കണ്‍സൾട്ടന്റായ സുലൈമാൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ലണ്ടൻ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്നും ഡിപ്ലോമയും നേടിയിട്ടുണ്ട്.
റിപ്പോർട്ട്: രാജി ഫിലിപ്പ് തോമസ്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതുനേതൃത്വം
10:54 PM Mar 14, 2019 | Deepika.com