ജർമൻ തോക്ക് നിർമാണ സ്ഥാപനത്തിന് 3.7 മില്യൺ പിഴ

11:21 PM Feb 22, 2019 | Deepika.com
ബർലിൻ: മെക്സിക്കോയിലേക്ക് അനധികൃതമായി ആയുധം കടത്തിയെന്നു തെളിഞ്ഞതിനെത്തുടർന്ന് ജർമൻ ആയുധനിർമാണ സ്ഥാപനത്തിന് 3.7 മില്യൺ യൂറോ പിഴ വിധിച്ചു. ഹെക്ക്ലർ ആൻഡ് കോച്ച് എന്ന സ്ഥാപനത്തിലെ രണ്ടു മുൻ ജീവനക്കാർക്ക് കോടതി തടവ് ശിക്ഷയും വിധിച്ചിട്ടുണ്ടെങ്കിലും ഇതു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

17 മാസം തടവ് വിധിക്കപ്പെട്ട മുൻ ജീവനക്കാരൻ 250 മണിക്കൂർ സാമൂഹിക സേവനം നടത്തണം. 22 മാസം ശിക്ഷ കിട്ടിയ ജീവനക്കാരന് 80,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. മറ്റു മൂന്നു മുൻ ജീവനക്കാർ കൂടി കേസിൽ പ്രതികളായിരുന്നെങ്കിലും തെളിവില്ലാത്തതിനാനാൽ കുറ്റവിമുക്തരാക്കപ്പെട്ടു.

ബേഡൻ വുർട്ടംബർഗ് ആസ്ഥാനമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്റ്റുട്ട്ഗർട്ട് കോടതിയാണ് കേസ് പരിഗണിച്ചത്.

ലോകത്തെ തന്നെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ജർമനി. യുഎസും റഷ്യയും ചൈനയും ഫ്രാൻസുമാണ് മറ്റു പ്രമുഖ കയറ്റുമതിക്കാർ.

2006നും 2009നും ഇടയിൽ കയറ്റുമതി ചെയ്ത മിലിറ്ററി സ്റ്റൈൽ ആയുധങ്ങളുടെ കാര്യത്തിലാണ് അനധികൃതമായിരുന്നു എന്നു കോടതി തീർപ്പ് കൽപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ