ഇറ്റലിയിൽ അനധികൃത കുടിയേറ്റം ക്രിമിനൽ കുറ്റം അല്ലാതാക്കുന്നു

10:11 PM Feb 21, 2019 | Deepika.com
റോം: മതിയായ യാത്രാ രേഖകളില്ലാതെ അനധികൃതമായി വിദേശികൾ രാജ്യത്തു കടക്കുന്നത് ക്രിമിനൽ കുറ്റം അല്ലാതാക്കാൻ ഇറ്റലി തീരുമാനിച്ചു. അടുത്ത ആഴ്ചയാണ് ഇതു സംബന്ധിച്ച ബിൽ മന്ത്രിസഭാ യോഗം പരിഗണിക്കുക. നിലവിൽ അനധികൃത കുടിയേറ്റക്കാരെയും വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെയും വിചാരണ ചെയ്യാനും പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. നിയമ ഭേദഗതിയിൽ ഇവ ഒഴിവാക്കും.

അതേസമയം, അഭയാർഥികളെ കടത്തുന്നവർക്കുള്ള ശിക്ഷയിൽ ഇളവൊന്നും ലഭിക്കില്ല. ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ ബിൽ. ഒപ്പം, കുടിയേറ്റക്കാർക്ക് കരിഞ്ചന്ത തൊഴിലുടമകളുടെ ചൂഷണത്തിൽനിന്നു സംരക്ഷണം നൽകാനും ഉദ്ദേശിക്കുന്നു. എന്നാൽ സർക്കാരിന്‍റെ പുതിയ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു.

2009ലാണ് ഇറ്റലിയിലെ സിൽവിയോ ബർലുസ്കോണിയുടെ സർക്കാർ അനധികൃത കുടിയേറ്റം ക്രിമിനൽ കുറ്റമാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ