കേരളത്തിൽ സ്‌കൂളുകൾ പുനരുദ്ധരിക്കാൻ സഹായവുമായി സ്വിറ്റ്‌സർലൻ‌ഡിലെ കിൻഡർ ഫോർ കിൻഡർ

10:06 PM Feb 21, 2019 | Deepika.com
സൂറിച്ച്: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ വൻ നാശനഷ്ടമുണ്ടായ സ്‌കൂളുകൾ പുനരുദ്ധരിക്കൽ പദ്ധതിയുമായി സ്വിറ്റ്‌സർലൻഡിലെ മലയാളികളുടെ കൂട്ടായ്‌മയായ കേളി. മഹാമാരിയിൽ തകർന്നടിഞ്ഞ നാല് സ്‌കൂളുകളാണ് കേളി പ്രോജക്ട് വഴി തിരഞ്ഞെടുത്ത് പുനരുദ്ധരിക്കുന്നത്.

വെള്ളത്തിൽ ആണ്ടുപോയ കുട്ടനാട്ടിലെ മൂന്ന് സ്‌കൂളുകളും ഇടുക്കിയിലെ ഒരു സ്‌കൂളും സ്വിറ്റ്‌സർലൻഡിലെ കുട്ടികളുടെ സാമൂഹ്യ സേവന പദ്ധതി ആയ കിൻഡർ ഫോർ കിൻഡർ വഴി പുനരുദ്ധരിക്കും. ആദ്യ പടിയായി മൂന്ന് സ്കൂളുകളിലും നവീന രീതിയിലുള്ള ലൈബ്രറി നിർമിച്ചു നൽകും. ഇടുക്കിയിലെ ഒലിച്ചു പോയ ഒരു വിദ്യാലയം പുനർനിർമിച്ചു നൽകുകയും ചെയ്യും. വിജ്ഞാനം എൽപി സ്‌കൂൾ ഇടുക്കി, ഗവൺമെൻറ് എൽപി സ്‌കൂൾ കുട്ടനാട്, ഗവൺമെന്‍റ് യുപി സ്‌കൂൾ കുട്ടനാട്, എ .ജെ .മെമ്മോറിയൽ സ്‌കൂൾ കുട്ടനാട് എന്നിവയാണ് തിരഞ്ഞെടുത്ത വിദ്യാലയങ്ങൾ.

റീ ബിൽഡ് പദ്ധതിക്ക് പുറമെ 325 നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും കൂടാതെ പ്രഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന 25 കുട്ടികൾക്ക് സാമ്പത്തികസഹായവും ഈ വർഷം സ്വിറ്റ്‌സർലൻഡിലെ മലയാളി കുട്ടികൾ കിൻഡർ ഫോർ കിൻഡർ വഴി നൽകുകയുണ്ടായി.

2018 -2019 സ്കൂൾ വർഷത്തിൽ 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് നൽകിയത്. സ്വിറ്റ്‌സർലൻഡിൽ വളരുന്ന മലയാളി കുട്ടികൾ ജന്മ നാട്ടിലെ കുട്ടികളെ വിദ്യാഭ്യാസത്തിൽ സഹായിക്കുന്ന കേളീ പദ്ധതി ആണ് കിൻഡർ ഫോർ കിൻഡർ.

സുമനസുകളായ മലയാളികളുടെ സഹായം കൂടാതെ സ്‌പോൺസർഷിപ്പ് വഴിയും വർഷം തോറും ഒരുക്കുന്ന ചാരിറ്റി ഷോയിൽ കൂടിയും കുട്ടികൾ വിവിധ പദ്ധതികൾക്ക് ആവശ്യമായ ധനം സമാഹരിച്ചു വരുന്നു. 2019 ലെ ചാരിറ്റി ഷോ ഒക്ടോബർ 26 ന് സൂറിച്ച് ഹോർഗനിലെ ദേവാലയ ഹാളിൽ വച്ച് നടക്കും.

റിപ്പോർട്ട്: ജേക്കബ് മാളേയ്ക്കൽ