ഐഎസിൽ ചേർന്ന ഷമീമയ്ക്ക് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടും

10:43 PM Feb 20, 2019 | Deepika.com
ലണ്ടൻ: പതിനഞ്ചാം വയസിൽ സിറിയയിൽ പോയി ഇസ് ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേർന്ന ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടും.

രാജ്യം വിട്ട് നാലു വർഷം പിന്നിട്ട സാഹചര്യത്തിൽ ഷമീമയ്ക്ക് മറ്റേതെങ്കിലും രാജ്യത്തിന്‍റെ പൗരത്വത്തിന് യോഗ്യതയുണ്ട്. അതിനാലാണ് ബ്രിട്ടീഷ് പൗരത്വം റദ്ദാക്കാനുള്ള നടപടികൾ തുടങ്ങുന്നത്.

2015ൽ ഈസ്റ്റ് ലണ്ടനിലെ വീടുപേക്ഷിച്ചു പോയ ഷമീമ അടുത്തിടെ വീട്ടിലേക്കു മടങ്ങിയെത്താനും വയറ്റിൽ വളരുന്ന കുട്ടിയെ യുകെയിൽ പ്രസവിച്ചു വളർത്താനും താത്പര്യം അറിയിച്ചിരുന്നു. എന്നാൽ, സിറിയയിൽ പോയതിലോ ഐഎസിൽ ചേർന്നതിലോ തനിക്കു കുറ്റബോധമില്ലെന്നും ഷമീമ വ്യക്തമാക്കിയിരുന്നു.

സിറിയയിൽ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ നിലനിൽപ്പ് അപകടത്തിലാക്കും വിധം നാറ്റോയുടെ ആക്രമണം ശക്തമാണ്. യുദ്ധം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയും ഇസ് ലാമിക് സ്റ്റേറ്റ് തോൽവി ഉറപ്പാക്കുകയും ചെയ്യുന്ന സാഹചര്യമാണ് അവിടെയുള്ളത്. ഒരു ഐഎസ് പോരാളിയെ വിവാഹം കഴിച്ച ഷമീമ ഇപ്പോൾ സിറിയയിലെ അഭയാർഥി കാന്പിലാണ് താമസം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ