ഉപയോഗശൂന്യമായ ഉൗർജ നിലയം ജർമനിയിൽ തകർത്തു

09:56 PM Feb 18, 2019 | Deepika.com
ബർലിൻ: ജർമനിയിലെ പ്രവർത്തനം അവസാനിപ്പിച്ച ഉൗർജ നിലയം ഡൈനാമിറ്റ് വച്ച് തകർത്തു. ഡോർട്ട്മുണ്‍ഡിൽ പ്രവർത്തിച്ചിരുന്ന ഗുസ്താവ് നെപ്പർ നിലയമാണ് രണ്ടു സ്ഫോടനങ്ങളിൽ നാമാവിശേഷമായത്.

സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെയെല്ലാം ഒഴിപ്പിച്ച ശേഷമായിരുന്നു സ്ഫോടനം. അര മണിക്കൂർ ഇടവേളയിലാണ് രണ്ട് ഡൈനമിറ്റുകളും പൊട്ടിച്ചത്. ആദ്യം 128 മീറ്റർ ഉയരമുള്ള കൂളിംഗ് ടവർ തകർത്തു. അടുത്തതായി 210 മീറ്റർ ഉയരമുള്ള ചിമ്മിനിയും.

കൽക്കരി നിലയങ്ങളെല്ലാം അടച്ചു പൂട്ടുന്ന പദ്ധതിയുടെ ഭാഗമായാണ് 2014ൽ ഈ നിലയവും പൂട്ടിയത്. തകർത്തതു വഴി സ്റ്റീൽ അടക്കം 28,400 ടണ്‍ അവശിഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.

കനത്ത സ്ഫോടനത്തിന്‍റെ ശക്തിയിൽ പൊടിപടലം അനിയന്ത്രിതമായി ഉയരാതിരിക്കാൻ ജല പീരങ്കികൾ ഉപയോഗിച്ചു. എല്ലാം പദ്ധതി പ്രകാരം തന്നെ നടന്നു എന്നും, സങ്കീർണതകളൊന്നുമില്ലെന്നും വക്താവ് അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ