കരാറില്ലാത്ത ബ്രെക്സിറ്റെങ്കിൽ സ്വിറ്റ്സർലൻഡിൽ ബ്രിട്ടീഷുകാർക്ക് ക്വോട്ട ഏർപ്പെടുത്തും

09:37 PM Feb 16, 2019 | Deepika.com
ജനീവ: കരാറില്ലാത്ത ബ്രെക്സിറ്റാണ് നടപ്പാകുന്നതെങ്കിൽ, സ്വിറ്റ്സർലൻഡിൽ വന്നു ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണം നിയന്ത്രിക്കാൻ സ്വിസ് സർക്കാർ ക്വോട്ട നിശ്ചയിക്കും.

മാർച്ച് 29നാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുക. കരാറില്ലാതെയാണിതെങ്കിൽ മാർച്ച് 30ന് ക്വോട്ട നിലവിൽ വരും. യൂറോപ്യൻ യൂണിയൻ അംഗമല്ലാത്തതിനാൽ, മറ്റു രാജ്യക്കാർക്ക് നേരത്തെ തന്നെ സ്വിറ്റ്സർലൻഡ് ക്വോട്ട ഏർപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയനുമായി സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച് കരാറുമുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗമല്ലാതാകുന്നതോടെ ഈ കരാർ ബ്രിട്ടനു ബാധകമല്ലാതെ വരും. അതിനാലാണ് ഇതര രാജ്യക്കാർക്കെന്നതുപോലെ ക്വോട്ട ഏർപ്പെടുത്തുന്നത്.

ഇതുപ്രകാരം പ്രതിവർഷം 3500 ബ്രിട്ടീഷുകാർക്കു മാത്രമായിരിക്കും സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യാൻ അവസരം. ഇതിൽ 2100 എണ്ണം റെസിഡൻസ് പെർമിറ്റും 1400 എണ്ണം ഷോർട്ട് സ്റ്റേ പെർമിറ്റുമായിരിക്കും. എന്നാൽ, ഇതൊരു താത്കാലിക സംവിധാനം മാത്രമാണെന്നും ബ്രിട്ടീഷ് സർക്കാരുമായി ചർച്ച ചെയ്ത് കൂടുതൽ ഉദാരമായ സ്ഥിരം സംവിധാനം നടപ്പാക്കുമെന്നും സ്വിസ് സർക്കാർ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ