വർഷം തോറും യുദ്ധത്തിൽ കൊല്ലപ്പെടുന്നത് ഒരു ലക്ഷം കുട്ടികൾ

09:28 PM Feb 16, 2019 | Deepika.com
മ്യൂണിക്ക്: ഓരോ വർഷവും യുദ്ധം കാരണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം കുട്ടികൾ കൊല്ലപ്പെടുന്നു. യുദ്ധം കാരണം മരുന്നുകളുടെ ലഭ്യതക്കുറവാണ് ബാല മരണങ്ങൾക്കു പ്രധാന കാരണമാകുന്നത്. മ്യൂണിക്ക് സെക്യൂരിറ്റി കൗണ്‍സിലിൽ ചാരിറ്റി എന്ന സംഘടന സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വിശദമാക്കുന്നത്.

2013 നും 2017 നുമിടയ്ക്ക് 10 രാജ്യങ്ങളിൽ മാത്രം 5,50,000 കുട്ടികളാണ് മരിച്ചത്. സേവ് ദ ചിൽഡ്രന്‍റെ റിസർച്ച് പ്രകാരം 2017 മുതൽ ലോകത്തിൽ 420 മില്യണ്‍ കുട്ടികൾ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.

അഞ്ച് വർഷത്തിനിടെ ഈ രാജ്യങ്ങളിൽ യുദ്ധം മൂലം നേരിട്ടോ അല്ലാതെയോ മരണപ്പെട്ടത് 8,70,000 കുട്ടികളാണെന്ന് ചാരിറ്റിയുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

അൻപത്തിയഞ്ചാമത് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫ്രൻസിന് വെള്ളിയാഴ്ച തുടക്കമായി. ജർമൻകാരനായ മുൻ അമേരിക്കൻ അംബാസഡറാണ് കോണ്‍ഫ്രൻസിന്‍റെ ചെയർമാൻ.ആഗോള രാജ്യങ്ങളിൽ നിന്നായി നയതന്ത്രജ്ഞർ, ഉൾപ്പടെ 600 ഓളം പേർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ ചാൻസലർ അംഗല മെർക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ