ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാകുന്നതിൽ ആശങ്ക ശക്തമാണെങ്കിലും വിവിധ രാജ്യക്കാർക്ക് ഇതുമൂലം ഗുണവുമുണ്ടാകുമെന്ന സൂചനകൾ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഇത്തരത്തിൽ ഇന്ത്യക്കാർക്കും ബ്രെക്സിറ്റ് ഗുണകരമാകുമെന്നാണ് പുതിയ സൂചന.
യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഇളവുകൾ നൽകുന്നത് ഇന്ത്യക്കാർക്കു കൂടി ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ യൂറോപ്യൻ യൂണിയൻ അംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങളാണ് അംഗരാജ്യങ്ങളിലെ പൗരൻമാർക്കു ലഭിക്കുക. ബ്രിട്ടൻ അംഗമല്ലാതാകുന്നതോടെ വിദേശ രാജ്യങ്ങളെയെല്ലാം ഒരുപോലെയാകും പരിഗണിക്കുക. ഇതോടെ യൂറോപ്യൻ പൗരൻമാർക്ക് പ്രത്യേക അവകാശങ്ങൾ ഇല്ലാതാകാനും സാധ്യതയുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഒഴുക്ക് കുറയുന്നതോടെ ഇന്ത്യ അടക്കമുള്ള ഇതര രാജ്യങ്ങളിൽനിന്നുള്ളവർക്ക് സാധ്യത വർധിക്കുമെന്നും കണക്കാക്കുന്നു. നിരവധി യൂറോപ്യൻമാർ ബ്രിട്ടൻ വിട്ടു പോകാനും സാധ്യത ഏറെയാണ്. ഇത് മറ്റു രാജ്യക്കാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കും. ഇതോടെ വിസ ചട്ടങ്ങളിൽ ഇളവ് വരുമെന്നാണ് പ്രതീക്ഷ. വാർഷിക വരുമാന പരിധി ഒഴിവാക്കുന്നത് അടക്കമുള്ള ഇളവുകളാണ് വിസയിൽ പ്രതീക്ഷിക്കുന്നത്. ലേബർ മാർക്കറ്റ് ടെസ്റ്റും നിർത്തലാക്കാനിടയുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇന്ത്യക്കാർക്കും ബ്രെക്സിറ്റ് ഗുണകരമായേക്കും
09:31 PM Feb 15, 2019 | Deepika.com