ദാമു മാഷിന്റെ നേതൃത്വത്തിലുള്ള മേവെള്ളൂർ നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്ററ് കുടുംബത്തിന്റെ ദയനീയ അവസ്ഥ മാധ്യമശ്രദ്ധയിൽ പെടുത്തിയപ്പോൾ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അഭിമാനമായ ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ സഹായ ഹസ്തം നീട്ടുകയായിരുന്നു.
ജോജോ തോമസ് പ്രസിഡന്റായും ജെയിൻ കുര്യാക്കോസ് സെക്രട്ടറിയായുമുള്ള ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ, ഇതിനുമുൻപും യുക്മയുടെ ചേർന്നും അല്ലാതെയും നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
മേവെള്ളൂരിൽ വച്ചു നടന്ന താക്കോൽ ദാന ചടങ്ങിൽ കേരള വൈദ്യുതിമന്ത്രി എം.എം. മണി, മോൻസ് ജോസഫ് എംഎൽഎ, സി.കെ. ആശ എംഎൽഎ, മേവെള്ളൂർ പഞ്ചായത്ത് ഭരണാധികാരികൾ, നാട്ടുകൂട്ടം ചാരിറ്റബിൾ ട്രസ്ററ് അംഗങ്ങൾ, ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ അവരുടെ ക്രിസ്മസ് പുതുവത്സരാഘോഷ വേളയിൽ യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസിനെ അറിയിച്ചു തങ്ങളുടെ ഈ ഉദ്യമവും പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിക്കായി യുക്മയുടെ വാഗ്ദാനമായ യുക്മ സ്നേഹക്കൂട് പദ്ധതിയിൽ ചേർന്നതായി അറിയിക്കുകയായിരുന്നു. ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ചു കൊണ്ട് യുക്മ കഴിഞ്ഞ ഫാമിലിഫെസ്റ്റിൽ വച്ച് ഗോൾഡൻ ഗ്യാലക്സി അവാർഡ് നൽകി ആദരിച്ചു. താക്കോൽ കൈമാറ്റം നടന്ന ഫെബ്രുവരി 10 ന് ഇപ്സ്വിച്ച് മലയാളി അസോസിയേഷൻ അവരുടെ ഉദ്യമം സാക്ഷാൽക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.