ബ്രിട്ടീഷ് ജോലികളോട് യൂറോപ്യൻ തൊഴിലാളികൾക്ക് താത്പര്യം കുറയുന്നു

10:06 PM Feb 08, 2019 | Deepika.com
ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ബ്രിട്ടനിലെ ജോലികളോടുള്ള താത്പര്യം കുറയുന്നു എന്ന് കണക്കുകളിൽ വ്യക്തമാകുന്നു. ലോകത്തെ ഏറ്റവും വലിയ ജോബ് സെർച്ച് എൻജിനുകളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു നിഗമനം.

ബിബിസി ന്യൂസാണ് ജോബ് സെർച്ച് എൻജിനുകളിൽനിന്നുള്ള കണക്കുകൾ അവലോകനം ചെയ്ത് റിപ്പോർട്ട് തയാറാക്കിയത്. 2015 മുതൽ ബ്രിട്ടീഷ് ജോലികൾക്കായുള്ള തെരച്ചിൽ കുറഞ്ഞു വരുന്നു എന്നാണ് ഇതിൽ വ്യക്തമാകുന്നത്.

യുകെയിലെ കണ്‍സ്ട്രക്ഷൻ, ഹെൽത്ത്കെയർ മേഖലകളിലാണ് യൂറോപ്യൻ യൂണിയൻ തൊഴിലാളികൾക്ക് താത്പര്യം ഏറ്റവും കുറഞ്ഞിരിക്കുന്നത്. 2015 ഫെബ്രുവരിയിലാണ് ഇത് ഏറ്റവും ഉയർന്നു നിന്നിരുന്നത്. ഒരു മില്യൺ ജോബ് സെർച്ചുകളിൽ 17,513 എണ്ണം അന്ന് യുകെയിലേക്കായിരുന്നു. എന്നാൽ, 2017 ജൂലൈ ആയതോടെ ഇത് 14,701 ആയി കുറഞ്ഞു. 2018 ഡിസംബറോടെ ഇത് പതിനാറായിരത്തിനടുത്തു വരെ എത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ