യുക്മ ഫാമിലി ഫെസ്റ്റില്‍ വേദി കീഴടക്കി ട്രാഫോര്‍ഡ് നാടക സമിതി

12:06 PM Jan 22, 2019 | Deepika.com
മാഞ്ചസ്റ്റര്‍: ഇക്കഴിഞ്ഞ ശനിയാഴ്ച മാഞ്ചെസ്റ്ററിലെ വിഥിന്‍ഷാ ഫോറം സെന്ററില്‍ നടന്ന യുക്മ ഫാമിലി ഫെസ്റ്റില്‍ വേദി കീഴടക്കി ട്രാഫോര്‍ഡ് നാടക സമിതി. പ്രഫഷണല്‍ നാടകസമിതികളെ വെല്ലുന്ന രീതിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ട്രാഫോഡിലെ സുഹൃദ്‌സംഘം യുക്മ ഫെസ്റ്റില്‍ പങ്കെടുത്ത ഓരോ മലയാളിയുടെയും മനസ്സില്‍ കുടിയേറിയാണ് മടങ്ങിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിര്‍വഹിച്ച 'സിഗരറ്റു കൂട്' എന്ന നാടകം യുക്മ ഫാമിലി ഫെസ്റ്റിന് കൂടുതല്‍ അഴക് നല്‍കി.

വളരെ കാലികമായ ഒരു വിഷയത്തിന്റെ ഉജ്വലമായ ആഖ്യാനവും, അഭിനേതാക്കളുടെ കറ തീര്‍ന്ന അഭിനയവും, എല്‍ഇഡി സ്‌ക്രീന്‍ ഉളപ്പടെ ഉള്ള അത്യാധുനിക സാങ്കേതിക പിന്തുണയും കൂടി ഒത്തു ചേര്‍ന്നപ്പോള്‍ , നാട്ടില്‍ നിന്നും ഏറെ കാലമായി അകന്നു നില്‍ക്കുന്ന യു കെ മലയാളികള്‍ക്ക് അത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയും ആയി. നാടകത്തിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ച സജി എന്ന വിളിപ്പേരുള്ള ചാക്കോ ലൂക്കിന്റെ അഭിനയം ഹൃദയസ്പര്‍ശിയായി.

നാടകത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ അന്ധനായ യുവാവിന്റെ വേഷം കൈകാര്യം ചെയ്തതും സംവിധായകനായ സിബി തന്നെയാണ്. ഇവര്‍ മുന്‍പ് നടത്തിയ എല്ലാ നാടകങ്ങളിലും കയ്യടി നേടിയ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുള്ള ആശാ ഷിജുവിന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു .വൈദികന്റെ വേഷത്തില്‍ എത്തിയ ഡോണി ജോണ്‍ , മകനായി എത്തിയ ഉണ്ണികൃഷ്ണന്‍ , ലിജോ ജോണ്‍ ,മാത്യു ചമ്പക്കര , ബിജു കുര്യന്‍ , ഷൈജു ചാക്കോ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. നാടകത്തില്‍ അഭിനയിക്കാത്തവരായുള്ള ട്രാഫോഡിലെ മറ്റു മലയാളികളും ഈ നാടകത്തിന്റെ വിജയത്തിനായി ഇവരുടെ പിന്നില്‍ ഉണ്ടായിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.

ആദ്യ നാടകമായ 'തോട്ടങ്ങള്‍', പിന്നീട് വന്ന 'ശരറാന്തല്‍', 'എഞ്ചുവടി കാണാക്കാഴ്ചകള്‍', ബൈബിള്‍ നാടകമായ 'ബറാബ്ബാസ്' എന്നിവയുടെ എല്ലാം രചനയും സംവിധാനവും നിര്‍വഹിച്ചതും ഡോ . സിബി വേകത്താനം ആയിരുന്നു. യു കെയിലെ വിവിധ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള ട്രാഫോര്‍ഡ് നാടക സമിതിക്കു ലഭിച്ച ഒരു അംഗീകാരം കൂടി ആയിരുന്നു യുക്മ ഫെസ്റ്റിന്റെ നിറഞ്ഞു കവിഞ്ഞ സദസ്സ് എന്നതും ഈ ബ്രിട്ടീഷ് മണ്ണിലും ഏറെ നാടകാസ്വാദകര്‍ ഉണ്ടെന്നുള്ളതിന്റെ തെളിവായി മാറി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍