യൂറോപ്പിനെ നിശ്ചലമാക്കി ശൈത്യം

10:21 PM Jan 11, 2019 | Deepika.com
ബർലിൻ : യൂറോപ്പിലാകമാനം അതികഠിനമായ ശൈത്യം പിടിമുറുക്കുന്നു.
കനത്ത മഞ്ഞു വീഴ്ചയിൽ ജർമനി, സ്വീഡൻ, നോർവേ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ കുഴഞ്ഞു. റോഡുകൾ മഞ്ഞുകൊണ്ട് അഭിഷേകമായി. ട്രെയിനുകൾ നിർത്തി സ്കൂളുകൾ അടച്ചു. ബവേറിയയുടെ തെക്കുഭാഗത്ത് മരം വീണ് ഒന്പത് വയസുള്ള ഒരു ആണ്‍കുട്ടി മരിച്ചു.

തുടർച്ചയായി മഞ്ഞുമല ഇടിച്ചിൽ മൂലം സ്വീഡനിലും നോർവേയിലും റോഡുകൾ തകർന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്നു മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. കനത്ത ഹിമപാതത്തിൽ കഴിഞ്ഞയാഴ്ച ഏഴ് പേരാണ് മരിച്ചത്.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ചയുടെ അളവ് വർധിച്ചതായി ഓസ്ട്രിയയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെറ്റിയറോളജി ആൻഡ് ജിയോഡൈനാമിക്സിൽ നിന്നുള്ള അലക്സാണ്ടർ റാഡ്ലർ പറഞ്ഞു:

ഓസ്ട്രിയയിൽ പത്തടി വരെയാണ് മഞ്ഞുറഞ്ഞ് കിടക്കുന്നത്. ആയിരം മൈൽ സ്കീ സ്ലോപ്പുകൾ അടച്ചു. ആൽപ്സ് പ്രദേശങ്ങളിൽ കനത്ത മഞ്ഞിടിച്ചിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗ്രീസിൽ താപനില പൂജ്യത്തിനു താഴെ തുടരുകയാണ്.

ഈ മേഖലയിൽ ജനുവരിയിൽ ലഭിക്കാറുള്ള ശരാശരി മഞ്ഞു വീഴ്ചയെക്കാൾ കൂടുതൽ ഈ വർഷം മാസത്തിന്‍റെ ആദ്യ പത്തു ദിവസം ലഭിച്ചു കഴിഞ്ഞു. 450 സ്കീ ലിഫ്റ്റുകളും അടച്ചിട്ടിരിക്കുകയാണ്. ഇത് ആൽപ്സിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു കഴിഞ്ഞു. റോഡ് റെയ്ൽ ഗതാഗതം മേഖലയിലാകെ താറുമാറായിക്കിടക്കുന്നു.

വ്യാഴാഴ്ച രാത്രി ജർമനിയുടെ കിഴക്കൻ മേഖലയിലെ റോസൻ ഹൈത്തിനടുത്തുള്ള ഹൈവേകൾ അടച്ചിട്ടു. ഓസ്ട്രിയൻ അതിർത്തിയോട് ചേർന്ന് ബെർടെറ്റൻഗാദിലെ റോഡുകൾ.

വ്യാഴാ്ച രാത്രിയിൽ മഞ്ഞുവീഴ്ചയെ തുടർന്നു തടസപ്പെട്ടു. വിമാന സർവീസുകളും തടസപ്പെട്ടു. മ്യൂണിക്കിൽ നിന്ന് ചുരുങ്ങിയത് 90 സർവീസുകൾ റദ്ദാക്കപ്പെട്ടു. സ്വിറ്റ്സർലന്‍റിൽ, മഞ്ഞുമലയിടിഞ്ഞ് ഒരു ഹോട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു.

ജോസ് കുന്പിളുവേലിൽ