യൂറോപ്യൻ യൂണിയന് അതൃപ്തി..., അമേരിക്ക നയതന്ത്ര പദവി വെട്ടിക്കുറച്ചു

09:40 PM Jan 09, 2019 | Deepika.com
ബ്രസൽസ്: യൂറോപ്യൻ യൂണിയന്‍റെ നയതന്ത്ര പദവി യുഎസ് ഭരണകൂടം വെട്ടിക്കുറച്ചതായി യൂറോപ്യൻ യൂണിയൻ വെളിപ്പെടുത്തി. യൂറോപ്യൻ യൂണിയനെ രേഖാമൂലം അറിയിക്കുക പോലും ചെയ്യാതെയാണ് ഇങ്ങനെയൊരു നടപടിയെന്ന് യൂറോപ്യൻ യൂണിയൻ വക്താവ് മയ കോസിയാനസിച്ച്.

രാജ്യങ്ങൾക്കു തുല്യമായ പദവിയാണ് യൂറോപ്യൻ യൂണിയനും അതിന്‍റെ അംബാസഡർക്കും മറ്റു നയതന്ത്ര പ്രതിനിധികൾക്കും യുഎസ് നൽകിയിരുന്നത്. ഇപ്പോഴത് അന്താരാഷ്ട്ര സംഘടനകൾക്കു തുല്യമായി പരിമിതപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്.

അതേസമയം, യൂറോപ്യൻ യൂണിയനെ മുൻപും അന്താരാഷ്ട്ര സംഘടനയായി തന്നെയാണ് യുഎസ് ലിസ്റ്റ് ചെയ്തിരുന്നതെന്നും രാജ്യങ്ങളുടെ പരിഗണന നൽകുക മാത്രമാണു ചെയ്തിരുന്നതെന്നും പേരു വെളിപ്പെടുത്താത്ത യൂറോപ്യൻ യൂണിയൻ പ്രതിനിധി ചൂണ്ടിക്കാട്ടി. ലിസ്റ്റ് അനുസരിച്ചുള്ള പദവി നടപ്പാക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും അതിന് രേഖാമൂലം അറിയിക്കേണ്ട ബാധ്യതയില്ലെന്നുമാണ് ഇദ്ദേഹത്തിന്‍റെ വിലയിരുത്തൽ.

യൂറോപ്യൻ യൂണിയനും യുഎസും തമ്മിൽ വ്യാപര യുദ്ധം തുടരുന്നതിനിടെ സ്വീകരിക്കപ്പെട്ട നടപടിയെ യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ