ബ്രെക്സിറ്റ് പിൻമാറ്റ കരാർ 15 ന് വോട്ടിനിടും

09:09 PM Jan 08, 2019 | Deepika.com
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെന്‍റിൽ ജനുവരി പതിനഞ്ചിന് വോട്ടിനിടും. പ്രധാനമന്ത്രി തെരേസ മേയ്ക്ക് ഇപ്പോഴും ഇതിനു പാർലമെന്‍റിന്‍റെ അംഗീകാരം നേടിയെടുക്കാമെന്ന പ്രതീക്ഷയായിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ നടത്തേണ്ട വോട്ടെടുപ്പാണ് ഒരു മാസം നീട്ടിവെച്ചത്. കരാറിന് സഭയുടെ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു നീക്കം. യൂറോപ്യൻ യൂനിയൻ നേതാക്കളുമായി നടന്ന ദീർഘ ചർച്ചകൾക്കൊടുവിൽ രൂപംനൽകിയ ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് ജനതയുടെ താൽപര്യങ്ങളെ ആദരിക്കുന്നില്ലെന്നാണ് പരാതി. ബ്രെക്സിറ്റിെൻറ പേരിൽ ബ്രിട്ടെൻറ താൽപര്യങ്ങളെ ബലികഴിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും ഭരണകക്ഷിയിലെ ചില പാർട്ടികളും പറയുന്നു. ഇതാണ് പാർലമെൻറിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കരാറിന് പാർലമെൻറ് അംഗീകാരം നൽകിയാലും ഇല്ലെങ്കിലും മാർച്ച് 29 ഓടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകും. അംഗീകാരം ലഭിച്ചില്ലെങ്കിൽ ഒൗദ്യോഗിക കരാറുകളില്ലാതെയാകും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുക.

പാർലമെൻറ് അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ലെങ്കിൽ കരാർ അസാധുവാകും. സ്വന്തം പാളയത്തിൽ തന്നെ പ്രതിഷേധം ശക്തമാണെന്നതിനാൽ കരാർ പാർലമെൻറ് കടന്നില്ലെങ്കിൽ പ്രധാനമന്ത്രിക്ക് പുറത്തേക്കുള്ള വഴിയും തുറക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ