കൊളോണ്‍: ഓഗസ്റ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾക്കു കൈത്താങ്ങായി കൊളോണ്‍ കേരള സമാജം കൈകോർക്കുന്നു. കെളോണ്‍ കേരള സമാജം തെരഞ്ഞെടുക്കുന്ന 10 കുടുംബങ്ങൾക്കാണ് സഹായധനം നൽകുന്നത്.
സമാജത്തിന്റെ അംഗങ്ങൾ നൽകുന്ന അപേക്ഷയിലൂടെയാണ് അർഹതപ്പെട്ട കുടുംബങ്ങളെ നിശ്ചയിക്കുന്നത്. ഇതിനായി 2019 ഫെബ്രുവരി 28നകം അംഗങ്ങൾക്ക് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണ്. അപേക്ഷകർ താമസിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിന്റെയോ, അല്ലെങ്കിൽ ഇടവക വികാരിയുടെയോ സാക്ഷ്യപ്പെടുത്തുന്ന അപേക്ഷ സഹിതം സമാജം പ്രസിഡന്റ് ജോസ് പുതുശേരിയ്ക്ക് നൽകേണ്ടതാണ്.(Jose Puthussery, Geildorfer tSr.33, 50321 Breuhl).
ഒരു അംഗത്തിന് ഒരു അപേക്ഷ മാത്രമേ നൽകാൻ അനുവാദമുള്ളു.
പോയ വർഷം സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ചു സമാഹരിച്ച തുകയാണ് സഹായധനമായി നൽകുന്നത്. കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ സമാജത്തിന്റെ ഭാരവാഹികൾ ഡേവീസ് വടക്കുംചേരി(ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ(ട്രഷറാർ), സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലിൽ(കൾച്ചറൽ സെക്രട്ടറി), പോൾ ചിറയത്ത്(സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്(ജോയിന്റ് സെക്രട്ടറി) എന്നിവരാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
കൊളോണ്‍ കേരള സമാജം 10 കുടുംബങ്ങളെ സഹായിക്കും
01:56 AM Jan 08, 2019 | Deepika.com