ഡിസംബർ 8 ശനിയാഴ്ച വൈകിട്ട് മൂന്നിന് ആരംഭിച്ച കരോൾ ഗാനസന്ധ്യയിൽ പ്രശസ്ത സംഗീതസംവിധായകനും വേൾഡ് പീസ് മിഷൻ ചെയർമാനുമായ സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. ഗർഷോം ടിവി മാനേജിംഗ് ഡയറക്ടർ ബിനു ജോർജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന് മുഖ്യാതിഥിയായ സണ്ണി സ്റ്റീഫൻ ജോയ് ടു ദി വേൾഡ് 2ന്റെ ഒൗപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. യുകെ ക്രോസ് കൾച്ചറൽ മിനിസ്ട്രിസ് ഡയറക്ടർ റവ. ഡോ. ജോ കുര്യൻ ക്രിസ്മസ് സന്ദേശവും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ലിറ്റർജിക്കൽ മ്യൂസിക് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആശംസയും അർപ്പിച്ചു സംസാരിച്ചു. തുടർന്ന് സണ്ണി സ്റ്റീഫനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ തിരുനാമകീർത്തനം എന്ന ഗാനം ബിജു കുന്പനാട് അതിമനോഹരമായി ആലപിച്ചപ്പോൾ സദസ് കണ്നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
തുടർന്ന് വില്ലൻഹാൾ സോഷ്യൽ ക്ലബിൽ തിങ്ങിക്കൂടിയ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയായി ഇന്പമാർന്ന ഈണങ്ങളിൽ കരോൾ ഗാനങ്ങൾ പെയ്തിറങ്ങി. യുകെയിലെ വിവിധ ക്രിസ്തീയസഭകളുടെയും ചർച്ചുകളുടെയും ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകൾ വലിയ മുന്നൊരുക്കത്തോടുകൂടിയാണ് ഈ സംഗീത മത്സരത്തിൽ പങ്കെടുത്തത്.
ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് സ്പോണ്സർ ചെയ്യുന്ന ആയിരം പൗണ്ട് കാഷ് അവാർഡിന്റെ ചെക്ക് മാനേജിംഗ് ഡയറക്ടർ ജോയ് തോമസ് വിജയികളായ ബ്രിസ്റ്റോൾ ക്നാനായ ടീമിന് കൈമാറിയപ്പോൾ വിജയികൾക്കുള്ള ട്രോഫി റവ. ഡോ. ജോ കുര്യൻ സമ്മാനിച്ചു. രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് സ്പോണ്സർ ചെയ്യുന്ന 500 പൗണ്ട് കാഷ് അവാർഡ് റോജിമോൻ വർഗീസും ട്രോഫി റവ. ഫാ. ജോർജ് ചേലക്കലും വിജയികൾക്ക് സമ്മാനിച്ചു. മൂന്നാം സമ്മാനമായി ജിയാ ട്രാവൽ യുകെ നൽകിയ 250 പൗണ്ട് അനി ചാക്കോയും ട്രോഫി ജോമോൻ കുന്നേലും വിജയികൾക്ക് നൽകി.
മത്സരങ്ങൾക്കൊടുവിൽ കരോൾ ഗാനസന്ധ്യക്ക് നിറം പകരാൻ ലണ്ടൻ അസാഫിയൻസ് ഒരുക്കിയ ലൈവ് ഓർക്കസ്ട്രയോടുകൂടിയ ശ്രുതിമധുരമായ ഗാനങ്ങൾ സദസ്യർ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംഗീതസപര്യയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയ, ലണ്ടൻ അസാഫിയന്സിന്റെ അമരക്കാരനും ഡ്രമ്മറുമായ ജോയ് തോമസിനെ ഗർഷോം ടിവിക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ ജോമോൻ കുന്നേൽ വേദിയിൽ ആദരിച്ചു. ’ജോയ് ടു ദി വേൾഡ് 2’ ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ ഉച്ചക്ക് 12 മാണി മുതൽ ഗർഷോം ടിവിയിൽ സംപ്രേഷണം ചെയ്യും.
റിപ്പോർട്ട്: ജോഷി സിറിയക്