പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘടനകർമം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നാടമുറിച്ച നിർവഹിച്ചു. സെന്ററിൽ സ്ഥാപിച്ച ശിലാഫലകം ആർച്ച്ബിഷപ് ഡെർമട് മാർട്ടിൻ പ്രകാശനം ചെയ്തു. തുടർന്ന് പാസ്റ്ററൽ സെന്ററിലെ വിശുദ്ധ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന്റെ കൂദാശകർമ്മം ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് നിർവഹിച്ചു.
ഡബ്ലിൻ അതിരൂപത സീറോ മലബാർ സഭയ്ക്ക് നൽകിവരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും കർദിനാൾ നന്ദി പറഞ്ഞു. പാസ്റ്ററൽ സെന്റർ ഒരുക്കി തന്നതിൽ ഡബ്ലിൻ അതിരൂപതയോട് ഏറെ കടപ്പെട്ടിരിക്കുന്നതായും കർദിനാൾ കൂട്ടിച്ചേർത്തു. പ്രവർത്തി ദിവസത്തിൽ ഇത്രയധികം വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും കർദിനാൾ പറഞ്ഞു. വിശ്വാസത്തിൽ വളരുവാനും വിശ്വാസം മറ്റുള്ളവർക്കുപകർന്ന് നൽകുവാനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തരുന്ന പ്രാദേശിക സഭയോടൊപ്പം വളരണമെന്നും കർദിനാൾ പ്രസംഗത്തിൽ സൂചിപ്പിച്ചു.
അയർലൻഡിലേക്ക്് കുടിയേറിയ സീറോ മലബാർ വിശ്വാസികളുടെ ആരാധന ക്രമ ജീവിതത്തിന് ആവശ്യമായതെല്ലാം ഒരുക്കിത്തരുന്ന ഡബ്ലിൻ അതിരൂപതയ്ക്ക് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് നന്ദി പറഞ്ഞു. സീറോ മലബാർ സഭയുടെ ചരിത്രവും അയർലൻഡിലെ പ്രവർത്തങ്ങളും ഉൾപ്പെടുത്തിയുള്ള വിഡിയോ പ്രദർശനത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് ഫാ. ക്ലെമെന്റ് പാടത്തിപ്പറന്പിൽ സ്വാഗതം പറഞ്ഞു. അയർലൻഡ് കോഡിനേറ്റർ മോണ്‍സിഞ്ഞോർ ആന്റണി പെരുമായൻ നന്ദി പറഞ്ഞു. അയര്‍ലണ്ടിലെത്തിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കും ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനുമുള്ള സ്നേഹോപഹാരം ബിഷപ്പ് ഡെർമട്ട് മാർട്ടിൻ സമ്മാനിച്ചു. അയർലൻഡിലെ വിശ്വാസസമൂഹത്തോടുള്ള സ്നേഹത്തെ പ്രതി തിരക്കിനിടയിലും ഡബ്ലിനിൽ എത്തിച്ചേർന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്കുള്ള സ്നേഹോപഹാരം സെക്രട്ടറി ജോണ്സൻ ചക്കാലയ്ക്കൽ, കൈക്കാരൻ ടിബി മാത്യു എന്നിവർ ചേർന്ന് നൽകി. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോർഡിനേറ്റർ ഫാ. ചെറിയാൻ വാരികാട്ടും പരിപാടികളിൽ സംബന്ധിച്ചു. പാസ്റ്ററൽ സെന്ററൽ നവീകരണത്തിന് നേതൃത്വം നൽകിയ ഡബ്ലിൻ അതിരൂപതാ വികാരി ജനറാൾ മോണ്‍സിഞ്ഞോർ പോൾ കല്ലൻ, ജോണ്‍, ജിമ്മി എന്നിവരെയും സീറോ മലബാർ സഭ ആദരിച്ചു.
റിപ്പോർട്ട്: മജു പെക്കൽ