പാരീസ് : വിവിധ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഈ വർഷം നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ. ഡോളർ കണക്കിൽ 80 ബില്യൻ. ലോക ബാങ്കാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
മാതൃരാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾതന്നെയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ചൈനക്കാരാണ്, 67 ബില്യൻ ഡോളർ. മെക്സിക്കോക്കാരും ഫിലിപ്പീൻസുകാരും 34 ബില്യൻ വീതവും ഈജിപ്റ്റുകാർ 26 ബില്യനും അയയ്ക്കുന്നു.
ഈ വർഷം വികസ്വര രാജ്യങ്ങൾക്ക് ഈയിനത്തിൽ പത്തു ശതമാനം അധികം പണം കിട്ടിയെന്നാണ് കണക്കാക്കുന്നത്. 528 ബില്യൻ ഡോളറിനു തുല്യമാണ് ഈ തുക. കഴിഞ്ഞ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് 7.8 ശതമാനമായിരുന്നു വർധന.
ഇന്ത്യക്കാർ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിലും ഗണ്യമായ വർധന രേഖപ്പെടുത്തുന്നു. 2016ൽ 62.7 ബില്യനും, 2017ൽ 65.3 ബില്യനും വിദേശ ഇന്ത്യക്കാർ നാട്ടിലേക്കയച്ചിരുന്നു. കഴിഞ്ഞ വർഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.7 ശതമാനമായിരുന്നു വിദേശ ഇന്ത്യക്കാരുടെ സംഭാവന.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഈ വർഷം പ്രവാസികൾ നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ
10:34 PM Dec 10, 2018 | Deepika.com