മിഷൻ പ്രഖ്യാപന ശ്രേണിയിൽ ശനിയാഴ്ച രണ്ടിടങ്ങളിലായി മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. സെഹിയോൻ മിനിസ്ട്രീസ് യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്വൻഷൻ ദിവസമായിരുന്ന ശനിയാഴ്ച ബെർമിംഗ്ഹാം ബെഥേൽ കണ്വൻഷൻ സെന്ററിൽ വച്ച് ’സെന്റ് തോമസ് ദി അപ്പോസൽ’ മിഷൻ നോർത്താംപ്റ്റനും (ഡയറക്ടർ, റെവ. ഫാ. ബെന്നി വലിയവീട്ടിൽ എംഎസ്എഫ്എസ് ) ’സെന്റ് ഫൗസ്തിന മിഷൻ കേറ്ററിംഗും’ (ഡയറക്ടർ, റെവ. ഫാ. വിൽസണ് കൊറ്റം ) കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ ഇടവകദൈവാലയമായ ലിവർപൂളിലെ, ’ലിതെർലാൻഡ് സമാധാനരാഞ്ജി’ ദൈവാലയത്തിൽ വിരാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ’സെന്റ് ജോസഫ്സ് മിഷൻ’ വിരാലിന്റെ (ഡയറക്ടർ, ഫാ. ജോസ് അഞ്ചാനിക്കൽ) ഉദ്ഘാടനവും കർദ്ദിനാൾ മാർ ആലഞ്ചേരി നിർവഹിച്ചു.
ലിവർപൂൾ ആർച്ച്ബിഷപ് മാൽകം മാക്മഹോനുമായും ലിവർപൂൾ അതിരൂപതയുടെ എമേരിത്തൂസ് സഹായമെത്രാൻ വിൻസെന്റ് മലോണുമായും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, സെക്രട്ടറി റവ. ഫാ. ഫാൻസുവ പത്തിൽ എന്നിവരും സന്ദർശനത്തിൽ കർദ്ദിനാളിനോടൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച നടന്ന മിഷൻ പ്രഖ്യാപനങ്ങളിലും വി.കുർബാനയിലും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പങ്കുചേർന്നു.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അജപാലന സന്ദർശനത്തിന്റെ അവസാന ദിവസമായ ഞായറാഴച് രൂപതയുടെ കത്തീഡ്രൽ ദൈവാലയമായ പ്രസ്റ്റണ് സെന്റ് അൽഫോൻസാ ദൈവാലയത്തിൽ (St. Ignatius Square, Preston, PR1 1TT)രാവിലെ 10.30 നു മാർ ആലഞ്ചേരി ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. വൈകിട്ട് 4.15 നു ലീഡ്സ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ (St. Wilfrid's Catholic Church, 2a Whincover Bank, Leeds, LS12 5JW) പുതിയ മിഷൻ പ്രഖ്യാപിക്കുകയും ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയും ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, കത്തീഡ്രൽ വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. മാത്യു മുളയോലിൽ എന്നിവരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്