+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ 700 വിദേശി തടവുകാര്‍ക്ക് അമീറിന്‍റെ കാരുണ്യം

കുവൈത്ത് സിറ്റി : കുവൈത്തില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 700 വിദേശി തടവുകാര്‍ക്ക് അമീറിന്‍റെ കാരുണ്യത്താല്‍ മോചനവും ശിക്ഷയിളവും ലഭിച്ചതായി ജയില്‍ വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറ
കുവൈത്തിൽ 700 വിദേശി  തടവുകാര്‍ക്ക്  അമീറിന്‍റെ കാരുണ്യം
കുവൈത്ത് സിറ്റി : കുവൈത്തില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 700 വിദേശി തടവുകാര്‍ക്ക് അമീറിന്‍റെ കാരുണ്യത്താല്‍ മോചനവും ശിക്ഷയിളവും ലഭിച്ചതായി ജയില്‍ വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സാബി അറിയിച്ചു.

കഴിഞ്ഞ ദിവസം തടവുകാര്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം സൂക്ക് ഷര്‍ഖില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടവുകാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനും വിവിധ മേഖലകളില്‍ വിദഗ്ദ ശിക്ഷണം നല്‍കുന്നതിനും നിരവധി പദ്ധതികളാണ് ജയില്‍കാര്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. തടവ്‌ ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ സ്വതന്ത്രരാകുമ്പോള്‍ നല്ല ജീവിതം നയിക്കുവാന്‍ പ്രാപ്തരാക്കുന്ന തൊഴില്‍ പരിശീലനങ്ങളാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് മേജര്‍ ജനറല്‍ ഫറാജ് അല്‍ സാബി പറഞ്ഞു.

വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയില്‍ മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലും ഇളവ്, കൂടാതെ നാടുകടത്തല്‍ ശിക്ഷ വിധിച്ചിട്ടുള്ളവര്‍ക്ക് ഇളവ് തുടങ്ങിയവാണ് അമീറിന്‍റെ കാരുണ്യത്തില്‍ ലഭിക്കുന്നത്.

കുറ്റകൃത്യങ്ങളുടെ ഗൗരവവും തടവുകാലത്തെ നല്ലനടപ്പും പ്രധാനമായി കണക്കിലെടുത്താണ് വര്‍ഷംതോറും അമീറിന്‍റെ കാരുണ്യത്തിന് അര്‍ഹരായവരുടെ പട്ടിക തയാറാക്കുക. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇളവ് ലഭിക്കുന്നവരുടെ പട്ടിക ചുരുങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 1071 പേര്‍ക്കാണ് ഇത്തരത്തില്‍ കാരുണ്യം ലഭിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ