സ്വിസ് ഇൻഷ്വറൻസ് പ്രീമിയം നിയന്ത്രിക്കാൻ കാന്പയിൻ

10:37 PM Dec 05, 2018 | Deepika.com
ജനീവ: സ്വിറ്റ്സർലൻഡിൽ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയം കുടുംബ വരുമാനത്തിന്‍റെ പത്തു ശതമാനമായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് കാന്പയിനു തുടക്കം.

രാജ്യത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ ചെലവിന്‍റെ മൂന്നിലൊന്നും ജനങ്ങൾ നേരിട്ടാണ് നൽകുന്നത്. ഇത് ഈടാക്കുന്നത് നിർബന്ധിത ഹെൽത്ത് ഇൻഷ്വറൻസ് വഴിയും. എന്നാൽ, ജിഡിപിയുടെയും ശരാശരി ശന്പളത്തിന്‍റേയും ഇരട്ടി വേഗത്തിലാണ് ഇൻഷ്വറൻസ് പ്രീമിയം വർധിക്കുന്നത്.

സോഷ്യലിസ്റ്റ് പാർട്ടിയാണ് ഇപ്പോൾ ഇതിനെതിരെ കാന്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നു വേണം കരുതാൻ.

ഹെൽത്ത് ഇൻഷ്വറൻസ് അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി മുന്പ് സബ്സിഡികൾ നൽകി വന്നിരുന്നു. ഇപ്പോൾ അതും റദ്ദാക്കിയ സാഹചര്യത്തിലാണ് കാന്പയിൻ അനിവാര്യമായിരിക്കുന്നതെന്ന് പാർട്ടി അധ്യക്ഷ ബാർബറ ഗൈസി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ