ആവശ്യത്തിനു ഭക്ഷണമില്ലാതെ 124 മില്യൺ ആളുകൾ

09:47 PM Oct 12, 2018 | Deepika.com
ബർലിൻ: നടപ്പു വർഷത്തെ ലോക ദാരിദ്യ്ര സൂചിക പുറത്തുവന്നപ്പോൾ 124 മില്യൺ ജനങ്ങൾ ആവശ്യത്തിനു ഭക്ഷണം പോലും കിട്ടാതെ കഷ്ടപ്പെടുന്നതായി വ്യക്തമാകുന്നു. അതേസമയം, പട്ടിണിക്കെതിരായ പോരാട്ടത്തിൽ പുരോഗതിയുള്ളതായും ജർമൻ വെൽത്ത് ഹംഗ്രി ലൈഫ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016 ലെ സൂചികയിൽ 82 മില്യനായിരുന്നു കണക്ക്.

2000 ത്തിലെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ പട്ടിണി 28 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. ശിശു മരണ നിരക്ക് പകുതിയുമായി.

എന്നാൽ, മുൻ വർഷങ്ങളിലേതു പോലെ തന്നെ 51 രാജ്യങ്ങളിലെ സ്ഥിതി ഗുരുതരമായോ അതീവ ഗുരുതരമായോ തുടരുകയാണ്. ഇവയിൽ ബഹുഭൂരിപക്ഷവും (53 മില്യൺ) ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമാണ്. ഷാദ്(45%), യെമൻ (39 %), മടഗാസ്ക്കർ (38 %), സാംബിയ (36 %), ഹയിതി (35 %) ഇങ്ങനെ പോകുന്നു കണക്കുകൾ.

പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ, 2030 നുള്ളിൽ ക്ഷാമം പരിഹരിക്കുക എന്ന ആഗോള ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയാതെ പോകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനവും സായുധ പോരാട്ടങ്ങളുമാണ് ഭക്ഷ്യ ക്ഷാമത്തിനു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കാർഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കൂടുതൽ നിക്ഷേപം നടത്തുകയാണ് ഇതിനു നിർദേശിച്ചിരിക്കുന്ന പരിഹാര മാർഗം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ