ജർമനിയിൽ എക്പ്രസ് ട്രെയിനു തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

09:42 PM Oct 12, 2018 | Deepika.com
ബർലിൻ: ജർമനിയിലെ ഹൈസ്പീഡ് ട്രെയിൻ ഇന്‍റർസിറ്റി എക്സ്പ്രസ് (ഐസിഇ) ഓട്ടത്തിനിടയിൽ തീപിടിച്ചത് വലിയ പരിഭ്രാന്തി പടർത്തി. ആകെ 510 യാത്രക്കാരുണ്ടായിരുന്ന ട്രെയിനിന്‍റെ രണ്ടു ബോഗികൾ പൂർണ്ണമായും കത്തി നശിച്ചുവെങ്കിലും ആളപായമില്ല. പോലീസ് ഓഫീസറുടെ അവസരോചിത ഇടപെടൽ മൂലം എല്ലാ യാത്രക്കാരെയും സുരക്ഷിതരായി ഒഴിപ്പിക്കാൻ സാധിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് നിസാര പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ കൊളോണിൽ നിന്നും മ്യൂണിക്കിലേയ്ക്ക് പോയ ട്രെയിൻ പ്രദേശിക സമയം 6.35 നാണ് മോണ്ടാബൗവർ സ്റ്റേഷനടുത്തുള്ള ഡിയർഡോർഫിലെത്തിയപ്പോൾ പുക കണ്ടതിനെ തുടർന്ന് ഡ്യൂട്ടി പോലീസുകാരൻ അപായചങ്ങല വലിച്ചു നിർത്തിയത്. ഉടൻ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്ത കാരണം വ്യക്തമല്ല. റെയിൽവേ ഇന്‍റലിജൻസ് സംഭവത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്നതായി ഫെഡറൽ പോലീസ് ഏജൻസി വക്താവ് പറഞ്ഞു.

ട്രെയിനിന്‍റെ പിൻഭാഗ ബോഗികളാണ് കത്തി നശിച്ചത്. സംഭവത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടിനുള്ള ഹൈവേ നന്പർ മൂന്ന് താൽക്കാലികമായി അടച്ചുവെങ്കിലും പിന്നീട് ഗതാഗതത്തിനായി വീണ്ടും തുറന്നു. റെയിൽ ഗതാഗതവും അൽപ്പ നേരത്തേയ്ക്ക് നിർത്തിവച്ചിരുന്നു.

ഹെലികോപ്റ്ററടക്കം അഗ്നിശമന സേനയുടെ വലിയൊരു സന്നാഹം സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്. ജർമൻ റെയിൽവേയുടെ മികവുറ്റ ട്രെയിനാണ് ഐസിഇ. സാങ്കേതികവിദ്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഐസിഇയിലെ യാത്രവളരെ സുഖകരമാണ്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ