കണ്ണും പൂട്ടി ഒപ്പിടാൻ ബ്രിട്ടനെ കിട്ടില്ല: തെരേസ മേ

11:13 PM Oct 10, 2018 | Deepika.com
ലണ്ടൻ: വ്യക്തമായ വ്യവസ്ഥകൾ എഴുതി തയാറാക്കാത്ത കരാറിൽ കണ്ണും പൂട്ടി ഒപ്പിടാൻ ബ്രിട്ടൻ ഒരിക്കലും തയാറാകില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് കരാറിനെക്കുറിച്ചാണ് അവരുടെ ഒളിയന്പ്.

ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വ്യാപാര സഖ്യം എങ്ങനെയായിരിക്കണമെന്ന കരാർ വ്യക്തവും പൂർണവും സമഗ്രവുമായിരിക്കണം. അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ബ്രിട്ടൻ ഒപ്പു വയ്ക്കൂ എന്നും അവർ വിശദീകരിച്ചു.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടൻ - യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ചർച്ചകൾ നിർണായക പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, തെരേസ മേ അവതരിപ്പിച്ച ചെക്കേഴ്സ് പ്ലാൻ ബ്രിട്ടീഷ് പാർമലെന്‍റിൽ അംഗീകരിക്കപ്പെടാൻ സാധ്യത വളരെ കുറവാണ്. മന്ത്രിസഭയിൽ പോലും അതിന് അംഗീകാരം ലഭിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. അടുത്ത മാസം വരെ ഒരു കരാറും അന്തിമമായി അംഗീകരിക്കില്ലെന്നാണ് സഖ്യ കക്ഷികൾക്ക് തെരേസ നൽകിയിരിക്കുന്ന ഉറപ്പ്.

റിപ്പോർട്ട് ജോസ് കുന്പിളുവേലിൽ