+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃതശരീരത്തിന്‍റെ ഭാരമനുസരിച്ചുള്ള യാത്രാനിരക്ക്: കേന്ദ്ര സര്‍ക്കാരിനും എയർ ഇന്ത്യയ്ക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: മൃതശരീരത്തിന്‍റെ ഭാരം തൂക്കി നോക്കി യാത്രാ നിരക്ക് നിശ്ചയിക്കുന്ന വിമാന കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യയ്ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗല്‍ സെല്ലിന
മൃതശരീരത്തിന്‍റെ ഭാരമനുസരിച്ചുള്ള യാത്രാനിരക്ക്: കേന്ദ്ര സര്‍ക്കാരിനും എയർ ഇന്ത്യയ്ക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: മൃതശരീരത്തിന്‍റെ ഭാരം തൂക്കി നോക്കി യാത്രാ നിരക്ക് നിശ്ചയിക്കുന്ന വിമാന കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യയ്ക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രവാസി ലീഗല്‍ സെല്ലിന്‍റെ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രാഹം മുഖേന സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്‍, ജസ്റ്റീസ് വി. കെ. റാവു എന്നിവരടങ്ങിയ ബഞ്ചിന്‍റെ നടപടി.

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതശരീരത്തിന്‍റെ ഭാരം തൂക്കിനോക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ യാത്ര നിരക്ക് നിശ്ചയിക്കുന്നത്. ഈ നടപടി മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മാന്യതയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിരക്കാണ് വിമാന കമ്പനികള്‍ ചുമത്തുന്നത് എന്ന ആരോപണവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

അന്യനാട്ടില്‍ മരണപ്പെടുന്ന വ്യക്തികളുടെ മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ മെഡിക്കൽ, ലീഗൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നത് തന്നെ ശ്രമകരമായ കാര്യമാണ്. ഇത് കൂടാതെയാണ് എയർ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ മൃതശരീരങ്ങളെ ചരക്കായി കണക്കാക്കുന്നതും അവ നാട്ടിലെത്തിക്കാനായി ഭീമമായ യാത്രാക്കൂലി ഈടാക്കുന്നതും. ഇത്തരം സാഹചര്യങ്ങളില്‍ പ്രവാസികൾക്ക് മറ്റു അന്തർദേശിയ വിമാന കമ്പനികളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങള്‍ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതോടെ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിമാന കമ്പനികൾ തീരുമാനിക്കുന്ന ഭീമമായ യാത്രാ നിരക്ക് താങ്ങാനാവാതെ മൃതദേഹങ്ങൾ മറുനാട്ടിൽ ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുവരുന്ന സാഹചര്യങ്ങളും കുറവല്ല.

ഇന്ത്യയ്ക്ക് പുറത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യ മന്ത്രാലയത്തിന് അടുത്തിടെ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനായി 48 മണിക്കൂർ മുൻപ് എയർപോർട്ടിലെ ഹെൽത്ത് ഓഫീസർക്ക് അറിയിപ്പ് നൽകണം എന്ന എയര്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവും വിവാദമായിരുന്നു. ഇതിനെതിരെ പ്രവാസി ലീഗൽ സെല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നു. പ്രസ്തുത കേസ് അന്തിമവാദത്തിനായി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ നിരക്ക് ക്രമപ്പെടുത്തണം, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസികളുടെ മൃതശരീരങ്ങള്‍ സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം, മൃതശരീരങ്ങള്‍ തൂക്കി നോക്കി വില നിര്‍ണയിക്കുന്ന രീതി അവസാനിപ്പിക്കണം, മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അന്തസ് കാത്തു സൂക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി.

കേന്ദ്ര സര്‍ക്കാരിനോടും എയര്‍ ഇന്ത്യയോടും മറുപടി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി തുടര്‍ വാദത്തിനായി ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും. പ്രവാസി ലീഗല്‍ സെല്ലിന് വേണ്ടി അഭിഭാഷകരായ ജോസ് എബ്രഹാം, ബ്ലെസന്‍ മാത്യൂസ്, നീമ നൂര്‍, സാറാ ഷാജി എന്നിവര്‍ ഹാജരായി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്