അഭയാർഥി പ്രശ്നം: ജർമനിയും ഇറ്റലിയും കൊന്പു കോർക്കുന്നു

11:27 PM Oct 08, 2018 | Deepika.com
ബർലിൻ: അഭയാർഥികളുമായി വരുന്ന ജർമൻ വിമാനങ്ങൾ ഇറ്റലിയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് ഇറ്റാലിയൻ ആഭ്യന്തര മന്ത്രി മാറ്റിയോ സാൽവീനി.

ഇറ്റലിയിലേക്കു മടങ്ങിപ്പോകാൻ തയാറാകുക എന്നാവശ്യപ്പെട്ട് ഡസൻകണക്കിന് അഭയാർഥികൾക്ക് ജർമനി ഒൗദ്യോഗികമായി കത്തു നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, അനധികൃതമായ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ അഭയാർഥികളെ ഇറ്റലിയിൽ കൊണ്ടുവന്നു തള്ളാമെന്ന് ബർലിനിലോ ബ്രസൽസിലോ ആരെങ്കിലും കരുതുന്നുവെങ്കിൽ അതു വെറുതേയാണെന്നും ഇറ്റാലിയൻ ഉപ പ്രധാനമന്ത്രി കൂടിയായ സാൽവീനി വ്യക്തമാക്കി.

അഭയാർഥികളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരുന്നതാണ് ഈ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്.

ഇറ്റലിയിൽ അഭയാർഥിത്വത്തിന് അപേക്ഷിച്ച ശേഷം ജർമനിയിലെത്തിയിട്ടുള്ളവരെ ഇറ്റലിയിലേക്കു തന്നെ തിരിച്ചയയ്ക്കാൻ സാധിക്കുന്ന കരാർ ഒപ്പിടാനാണ് ജർമനിയും ഇറ്റലിയും ചർച്ചകൾ നടത്തി വരുന്നത്. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ കാരണം കരാറിന് ഇനിയും അന്തിമ രൂപമായിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ