ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷൻ ആമുഖ യോഗം ഹെയർഫീൽഡിൽ

06:45 PM Sep 25, 2018 | Deepika.com
ലണ്ടൻ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ നേതൃത്വത്തിൽ യുകെയിൽ ഒരുക്കുന്ന പരിശുദ്ധാത്മ അഭിഷേക കൺവൻഷനുകൾക്ക് മുന്നോടിയായി ലണ്ടൻ ധ്യാന വേദി നേരിൽ കാണുന്നതിനും സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുന്നു.

ഹെയർഫീൽഡ് സ്പോർട്സ് അക്കാദമിയിൽ സെപ്റ്റംബർ 29 നു (ശനി) വൈകുന്നേരം 5 ന് സംഘാടക സമിതിയുടെയും വോളണ്ടിയേഴ്സിന്‍റേയും സംയുക്ത യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ബൈബിൾ കൺവൻഷൻ വിജയിപ്പിക്കുന്നതിന്‍റെ ഭാഗമായി ചേരുന്ന യോഗത്തിൽ എല്ലാ വോളണ്ടിയേഴ്സും യോഗത്തിൽ പങ്കെടുക്കണമെന്ന് ഫാ.ജോസ് അന്ത്യാംകുളം അഭ്യർഥിച്ചു.

പ്രശസ്ത തിരുവചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ ആണ് യുകെയിൽ എട്ടിടങ്ങളിലായി നടത്തുന്ന ബൈബിൾ കൺവൻഷനുകളിൽ തിരുവചന ശുശ്രുഷ നയിക്കുക.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ ഡയറക്ടറും ചാപ്ലൈനുമായ ഫാ.ജോസ് അന്ത്യാംകുളം ജനറൽ കോഓർഡിനേറ്ററും, ഷാജി വാറ്റ്‌ഫോർഡ് കൺവീനറായും ആന്‍റണി തോമസ്, ജോമോൻ ഹെയർഫീൽഡ് എന്നിവർ ജോയിന്‍റ് കൺവീനർമാരായും വിൻസെന്‍റ് മാളിയേക്കൽ വെന്യു ഇൻ ചാർജുമായി രൂപീകരിക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് കൺവൻഷന്‍റെ ഒരുക്കങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.

നവംബർ നാലിന് ഹെയർഫീൽഡിൽ നടക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

വിവരങ്ങൾക്ക് : ഷാജി വാട്‌ഫോർഡ്‌ : 07737702264; ജോമോൻ ഹെയർഫീൽഡ്:07804691069

വേദിയുടെ വിലാസം: The Harefield Academy, Northwood Way, Harefield UB9 6ET

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ