ലണ്ടൻ: മാർത്തോമാ നസ്രാണികളുടെ പാരന്പര്യ ആരാധന ഭാഷയായ സുറിയാനി ലോകമെന്പാടും പ്രചരിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന ഫാ. ജോസഫ് പാലക്കൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു. ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ പ്രാഭാഷണങ്ങളും ക്ലാസുകളിലും സംബന്ധിക്കുന്ന അദ്ദേഹം ജൂലൈ 14 ശനിയാഴ്ച ഗ്ലോസ്റ്ററിൽ പ്രത്യേക പഠന ക്ലാസിൽ പ്രഭാഷണം നടത്തും. ജൂലൈ 10ന് ലണ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് സെന്റർ ഓഫ് വേൾഡ് ക്രിസ്ത്യാനിറ്റിയിൽ അദ്ദേഹം പ്രസംഗിക്കുകയും സുറിയാനി ഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തുടർന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ 11ന് ലോകോത്തര സുറിയാനി സമ്മേളനമായ ആറാം കോണ്ഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു. ഈ രണ്ടു അക്കാഡമിക് പരിപാടികളിലും അദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇംഗ്ലണ്ടിലെയും അന്താരാഷ്ട്ര തലത്തിലെയും വിദഗ്ദ്ധർ മുക്തകണ്ഠം പ്രശംസിച്ചു.
മാർത്തോമാ നസ്രാണികളുടെ പരന്പരാഗതമായ ആരാധനാ ഭാഷയായ അരമായ സുറിയാനിയുടെ പ്രാധാന്യവും പ്രത്യേകതകളും ലോകത്തിനു മുൻപിൽ പ്രഘോഷിക്കുവാൻ ഫാ. പാലക്കൽ എന്നും മുന്നിലുണ്ട്. വളരെ എളുപ്പം ഏവർക്കും പാടുവാൻ സാധിക്കുന്ന ഗീതങ്ങൾ ആരാധനാക്രമത്തിൽ ഉൾപ്പെടുത്തി അച്ചൻ നയിക്കുന്ന ഈ സഭാ നവീകരണ ശുശ്രൂഷ മാർത്തോമാ നസ്രാണി കത്തോലിക്കരായ സിറോ മലബാർ സഭയുടെ വ്യക്തിത്വത്തെ വീണ്ടെടുക്കുന്ന ഒന്നാണ് .
ബ്രിട്ടനിലെ സീറോ മലബാർ എപ്പാർക്കിയുടെ ആഭ്യമുഖ്യത്തിൽ ഒരു അന്താരാഷ്ട്ര സുറിയാനി സംഗീത സമ്മേളനം ഗ്ലൗസ്റ്ററിൽ ജൂലൈ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞു നടത്തുന്നു . ബ്രിട്ടനിലെ സിറോ മലബാർ എപ്പാർക്കിയുടെ അധക്ഷനായ മാർ ജോസഫ് സ്രാന്പിക്കൽ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ പാലക്കൽ അച്ഛനോടൊപ്പം സുറിയാനി ഭാഷ പിറന്ന നാടും പിതാവായ അബ്രാഹത്തിന്റെ നാടുമായ ഇറാക്കിൽ നിന്നും ഇറ്റലിയിൽ നിന്നും സ്വിറ്റസർലണ്ടിൽ നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുക്കുന്നു .ഇതോടൊപ്പം ഒരു സുറിയാനി ഗാന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് . ദൈവ ശാസ്ത്രജ്ഞനും ഗാനരചയിതാവുമായിരുന്ന കടവിൽ ചാണ്ടി കത്തനാരുടെ നാമത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .
സിറോ മലബാർ സഭയുടെ ആരാധനാ സാംസ്കാരിക പാരന്പര്യത്തിന്റെ സന്പന്നതയെ മനസിലാക്കുവാൻ ഏവരും ഈ അവസരം പ്രയോജനപ്പെടുത്തി ഈ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ സഭ പഠന വിഭാഗത്തിന്റെ ഡയറക്ടറായ ഫാ. ജോയി വയലിൽ ആഹ്വാനം ചെയ്യുന്നു .
സമ്മേളനം നടക്കുന്ന സ്ഥലം: ഗ്ലോസ്റ്ററിലെ മാറ്റസണ് അവന്യൂ, മാറ്റസണ് ബാപ്റ്റിസ്റ്റ് ചർച്ച് ഹാൾ (GL4 6LA)
കൂടുതൽ വിവരങ്ങൾക്ക്: ഡോ. മാർട്ടിൻ . 07939101745
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
പ്രശസ്ത സംഗീതജ്ഞനും സുറിയാനി ഗവേഷകനുമായ ഫാ. ജോസഫ് പാലക്കൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു
11:22 PM Jul 12, 2018 | Deepika.com