ലണ്ടൻ: ബർമിംഗ്ഹാമിലെ സട്ടണ്‍ കോൾഡ്ഫീൽഡിലെ സർയസജമായ വിൻഡ് ലീ സ്റ്റേഡിയത്തിൽ ശനിയാഴ്ച വേഗതയുടെയും കരുത്തിന്റെയും പുത്തൻ വിജയഗാഥകൾ രചിക്കുവാനൊരുങ്ങി യുകെയിലെ മലയാളി കായിക താരങ്ങൾ ട്രാക്കിലിറങ്ങുന്പോൾ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തുമെന്നുറപ്പാണ്.
എല്ലാ റീജണുകളിലും കായിക മത്സരങ്ങൾ പൂർത്തിയാക്കിയതോടെ ഇനി ഏവരുടെയും ശ്രദ്ധ നാഷണൽ കായിക മേളയിലേക്ക്. വിവിധ റീജണുകളിൽ നിന്നും വിജയിച്ചെത്തിയവർ മാത്രം മാറ്റുരയ്ക്കുന്നു എന്നതിനാൽ മത്സരങ്ങൾ വീറുറ്റതാവുമെന്ന് തീർച്ച. റീജിയണൽ മത്സരങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവർക്കാണ് നാഷണൽ കായികമേളയിൽ മത്സരിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്.
കായിക മേളക്കുള്ള രജിസ്ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും . കായിക മേളയുടെ പ്രാരംഭമായി നടക്കുന്ന മാർച്ച് പാസ്റ്റ് യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് കായികമേള ജനറൽ കണ്‍വീനർ സുരേഷ് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും.
സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും പ്രത്യേകമായി 50, 100, 200.800 മീറ്റർ ഓട്ട മത്സരങ്ങളും, ഷോട്ട്പുട്ട്, ലോംഗ് ജന്പ് മത്സരങ്ങളും 4 x 400 മീറ്റർ റിലേ മത്സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുന്നത്. യുകെയിലെ പ്രഗത്ഭരായ ടീമുകൾ ഏറ്റുമുട്ടുന്ന മേളയുടെ പ്രധാന ആകർഷണ ഇനമായ വടംവലി ഒരു ദിനം നീണ്ടു നിൽക്കുന്ന ഈകായിക മാമാങ്കത്തിന് ആവേശകരമായ പരിസമാപ്തി കുറിക്കും .
വിജയികൾക്ക് എല്ലാം ട്രോഫികളും മെഡലുകളും നല്കി ആദരിക്കുന്നതായിരിക്കും. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന അസോസിയേഷനും റീജണും എവർറോളിംഗ് ട്രോഫികൾ സമ്മാനിച്ച് ആദരിക്കുന്നതാണ്. ഏറ്റവും മികച്ച റീജണിന് പ്രിൻസ് ആൽബിൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികൾക്ക് തോമസ് പുന്നമൂട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.
യുക്മ ദേശീയ കായിക മേളയിലേക്ക് യുകെയിലെ മലയാളി കുടുംബങ്ങളെ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് , കായികമേളയുടെ കോർഡിനേറ്റർ സുരേഷ് കുമാർ എന്നിവർ അറിയിച്ചു.
കായിക മേള നടക്കുന്ന വേദിയുടെ വിലാസം:
Wyndley Leisure Cetnre,
Clifton Road
Sutton Colfield,
Birmingham,
B73 6EB
ബർമിംഗ്ഹാമിൽ കായിക ചരിത്രമെഴുതാനൊരുങ്ങി യുക്മ
11:31 PM Jul 10, 2018 | Deepika.com