ബ്രിട്ടനിലെ ഏറ്റവും വലിയ വാട്ടർ കന്പനിയായ തെംസ് വാട്ടറിന്റെ ഉടമസ്ഥതയിലുള്ള 450 ഏക്കർ വിസ്തീർണ്ണമുള്ള പാർക്കാണ് ഓക്സ്ഫഡ് ഫാർമൂർ റിസർവോയറിനോട് ചേർന്നുള്ളത്. മത്സരവള്ളംകളി അരങ്ങേറുന്നത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന റിസർവോയറിലെ ഏറ്റവും വിശാലമായ തടാകത്തിനുള്ളിലാണ്. 4 മൈൽ ദൈർഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. ശനിയാഴ്ച്ച രാവിലെ 8 മുതൽ പൊതുജനങ്ങൾക്ക് പാർക്കിലേയ്ക്കുള്ള പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം പാർക്കിൽ പ്രവേശിക്കുന്ന അഞ്ച് വയസിനു മുകളിലേയ്ക്കുള്ള എല്ലാവരും സംഘാടകർ നൽകുന്ന റിസ്റ്റ് ബാന്റ് ധരിക്കേണ്ടതാണ്. പ്രവേശനത്തിനായി രണ്ട് കൗണ്ടറുകൾ ഉണ്ടായിരിക്കും.
വിശാലമായ പാർക്കിംഗ് സൗകര്യമാണ് മത്സരവള്ളംകളി ആസ്വദിക്കാനായി എത്തിച്ചേരുന്നവർക്കായി ഒരുക്കിയിട്ടുള്ളത്. 5000 കാറുകൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. പാർക്കിംഗിനായുള്ള ഗ്രൗണ്ടിന് വാടക നൽകണമെങ്കിലും ഇവന്റിന് എത്തിച്ചേരുന്ന എല്ലാവർക്കും പാർക്കിംഗ് തികച്ചും സൗജന്യമായിരിക്കും. പരിപാടിയ്ക്കായി എത്തിച്ചേരുന്ന കാറുകൾക്ക് പാർക്കിംഗിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് 10ഓളും സെക്യുുരിറ്റിപാർക്കിംഗ് അറ്റന്റുമാർ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്. സെക്യൂരിറ്റികൾ നൽകുന്ന നിർദ്ദേശം കാർ പാർക്കിംഗിന് എത്തുന്നവർ പാലിക്കേണ്ടതാണ്.
ടീമുകൾ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാർക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ഒരു കോച്ചിന് മുഴുവൻ ദിന പാർക്കിംഗിന് 10 പൗണ്ട് ഫീ നൽകേണ്ടതാണ്. കോച്ചുകളിൽ വരുന്ന ആളുകളെ പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കിയതിനു ശേഷമാണ് പാർക്കിംഗ് സ്ഥലത്തേയ്ക്ക് പോവേണ്ടത്.
തടാകത്തിന്റെ ചുറ്റുമുള്ള മതിൽക്കെട്ടിന് ചേർന്ന് നിന്ന് വള്ളംകളി മത്സരം നേരിട്ട് കാണുന്നതിന് അവസരമുണ്ടായിരിക്കും. മതിൽകെട്ടിനോട് ചേർന്ന് നല്ല വീതിയിലുള്ള റോഡ് ആയതുകൊണ്ട് നാലോ അഞ്ചോ നിരയായി ആളുകൾ നിന്നാൽ പോലും മത്സരം വീക്ഷിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരേ സമയം പതിനായിരത്തില്പരം ആളുകൾക്ക് യാതൊരു തിരക്കും കൂട്ടാതെ തന്നെ മത്സരങ്ങൾ വീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
മത്സരം നടക്കുന്നത് വീക്ഷിക്കുന്നതിനുള്ള മതിൽകെട്ടിനും റോഡിനും സമീപമുള്ള പുൽമൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയർ സ്റ്റേജുകളിൽ ഏറ്റവും സൗകര്യത്തോടെ പ്രവർത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് തയാറാക്കിയിരിക്കുന്നത്. . രാവിലെ 10 മുതൽ മത്സരങ്ങളുടെ ഇടവേളകളിൽ സ്റ്റേജുകളിൽ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.
കുട്ടികൾക്കായി പ്രത്യേക കാർണിവൽ ഫാർമൂർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള വിവിധ തരം വിനോദ ഇനങ്ങൾ ഇവിടെയുണ്ട്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നവർക്ക് മത്സരങ്ങളും നേരിട്ട് കാണുന്നതിന് സൗകര്യമുണ്ട്. ആപ്പിൾട്ടണ്‍ എന്റർടെയ്ൻമെന്റ്സാണ് മിതമായ നിരക്കിൽ ഈ സൗകര്യം ഒരുക്കുന്നത്.
മിതമായ നിരക്കിൽ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മൂന്ന് കൗണ്ടറുകൾ അന്നേ ദിവസം പാർക്കിൽ പ്രവർത്തിക്കുന്നതായിരിക്കും. ബ്രേക്ക് ഫാസ്റ്റ് മുതൽ ഡിന്നർ വരെയുള്ള ഭക്ഷണ പാനീയങ്ങൾ ഈ കൗണ്ടറുകളിൽ നിന്നും ലഭ്യമായിരിക്കും. മൂന്ന് വ്യത്യസ്ത കേറ്ററിംഗ് കന്പനികളാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്.
യുകെയിലെന്പാടും നിരവധി സ്ഥലങ്ങളിൽ ഒൗട്ട്ഡോർ കേറ്ററിങ് നടത്തി വരുന്ന ഷെഫ് വിജയ് നടത്തുന്ന സൗത്ത് ഇന്ത്യൻ ഫുഡ്സ്റ്റാൾ, കഴിഞ്ഞ ഈസ്റ്റ് ആംഗ്ലിയ കലാമേള ഉൾപ്പെടെ നടത്തിയ നോർവിച്ചിൽ നിന്നുള്ള എ&ജെ കേറ്ററിങ് കന്പനിയുടെ കുട്ടനാടൻ ശൈലിയിലുള്ള ഭക്ഷണവിഭവങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റാൾ, സൗത്ത് ഇംഗ്ലണ്ടിലെ മലയാളികളുടെ പ്രധാന കേറ്ററിങ് കന്പനിയായ സസക്സിലെ ഫ്രണ്ട്സ് തട്ടുകടയുടെ നേതൃത്വത്തിലുള്ള ഫുഡ്സ്റ്റാൾ എന്നിവരാണ് ഫുഡ് ഫെസ്റ്റിവൽ അനുഭവം പകർന്ന് നൽകാനൊരുങ്ങുന്നത്.
പരിപാടിയുടെ വിശദ വിവരങ്ങൾക്ക്; മാമ്മൻ ഫിലിപ്പ് (ചെയർമാൻ): 07885467034, സ്പോണ്‍സർഷിപ്പ് വിവരങ്ങൾക്ക്; റോജിമോൻ വർഗ്ഗീസ് (ചീഫ് ഓർഗനൈസർ): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
പരിപാടി നടക്കുന്ന വിലാസം:
Farmoor Reservoir
Cumnor Road
Oxford
Oxfordshire
OX2 9NS