ഡിപ്ലോമാറ്റിക് പാസ്പോർട്ട് വ്യാജമല്ല: ബെക്കർ

09:01 PM Jun 23, 2018 | Deepika.com
ബർലിൻ: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് തനിക്കു നൽകിയെന്നു പറയുന്ന ഡിപ്ലോമാറ്റിക് പാസ്പോർട്ട് വ്യാജമല്ലെന്നും ഒറിജിനൽ തന്നെയാണെന്നും ജർമൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ. ലണ്ടനിൽ നടക്കുന്ന പാപ്പർ ഹർജിയുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് ഡിപ്ലോമാറ്റിക് പാസ്പോർട്ട് വഴി ബെക്കർക്ക് സംരക്ഷണം ലഭിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകർ വാദിക്കുന്നത്.

അതേസമയം, ഈ പാസ്പോർട്ട് വ്യാജമെന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ വിദേശകാര്യമന്ത്രി തന്നെ ആരോപിക്കുകയും ഇതെകുറിച്ച് അന്വേഷണം നടത്താൻ നീതിന്യായ വകുപ്പു മന്ത്രിയോടു നിർദേശിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബെക്കറുടെ പ്രതികരണം.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്‍റെ ആഭ്യന്തര കാര്യങ്ങൾ തനിക്കറിയില്ലെന്നും ആ രാജ്യത്തിന്‍റെ അംബാസഡർ വഴി തന്നെയാണ് തനിക്കു പാസ്പോർട്ട് ലഭിച്ചതെന്നും ബെക്കർ ആവർത്തിക്കുന്നു. രാജ്യത്തിന്‍റെ പ്രസിഡന്‍റുമായി താൻ പലവട്ടം സംസാരിച്ചിട്ടുള്ളതാണെന്നും ബെക്കർ പറഞ്ഞു.

എന്നാൽ, കളവുപോയ സീരീസിലുള്ള പാസ്പോർട്ടാണ് ബെക്കർ കൈവശം വച്ചിരിക്കുന്നതെന്നും അതിൽ വിദേശകാര്യ മന്ത്രിയുടെ ഒപ്പും സീലുമില്ലെന്നുമാണ് മന്ത്രി വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ