കേരളാപൂരം 2018: വേദി യുക്മക്ക് കൈമാറി

02:22 AM Jun 22, 2018 | Deepika.com
ലണ്ടൻ : യൂറോപ്പിലെ ഏറ്റവും വലിയ മലയാളികളുടെ ഒത്തുചേരലിന് വേദിയൊരുങ്ങുന്ന ചരിത്രപ്രസിദ്ധമായ ഓക്സ്ഫോർഡ് നഗരത്തിന്‍റെ സമീപമുള്ള ഫാർമൂർ തടാകവും സമീപമുള്ള പാർക്കും അടങ്ങുന്ന പൂരനഗരി സംഘാടകരായ യുക്മയ്ക്ക് കൈമാറി. ജൂണ്‍ 17 ന് പൂരനഗരിയായ ഫാർമൂർ പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ ഇവന്‍റ് ബോർഡ് സ്ഥാപിച്ചാണ് ഒൗദ്യോഗികമായി യുക്മയ്ക്ക് വേദി കൈമാറിയത്.

യു.കെയിലെ ഏറ്റവും വലിയ വാട്ടർ കന്പനിയായ തെംസ് വാട്ടറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫാർമൂർ തടാകം.

യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാർമൂർ റിസർവോയർ റേഞ്ചർ ഓഫീസർ മാർക്ക് ലവ്റി ഉദ്ഘാടനം ചെയ്തു. യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, ദേശീയ നേതാക്കളായ ഡോ. ദീപ ജേക്കബ്, ഓസ്റ്റിൻ അഗസ്റ്റിൻ, സജീഷ് ടോം, ഡോ. ബിജു പെരിങ്ങത്തറ, കുഞ്ഞുമോൻ ജോബ്, സുരേഷ് കുമാർ, ജോമോൻ കുന്നേൽ, ടൂറിസം ക്ലബ് വൈസ് ചെയർമാൻ ടിറ്റോ തോമസ്, റീജണൽ പ്രസിഡന്‍റുമാരായ വർഗീസ് ചെറിയാൻ, ബാബു മങ്കുഴി എന്നിവർ പങ്കെടുത്തു.