ബ്രിട്ടൻ നിർമാണ മേഖല: യൂറോപ്യർ 7 മാത്രം

12:11 AM Jun 21, 2018 | Deepika.com
ലണ്ടൻ: ബ്രിട്ടനിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും പോളണ്ടുകാരാണെന്ന സങ്കല്പം തകരുന്നു. രാജ്യത്തെ നിർമാണ മേഖലയിലുള്ള ആകെ ജോലിക്കാരിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള എല്ലാവരും ചേർന്നാലും വെറും ഏഴു ശതമാനം മാത്രമേ വരുന്നുള്ളൂ എന്ന് പുതിയ കണക്ക്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തകമാകുന്നത്. ലണ്ടനിൽ മാത്രമാണ് നിർമാണ മേഖലയിൽ യൂറോപ്യൻ പൗരൻമാരുടെ എണ്ണം മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് ഗണ്യമായി കൂടുതലുള്ളത്. ഇവിടെ 28 ശതമാനം വരും.

2.2 മില്യണ്‍ ആളുകളാണ് യുകെയിലെ കണ്‍സ്ട്രക്ഷൻ മേഖലയിൽ ആകെ ജോലി ചെയ്യുന്നത്. ഇതിൽ 165,000 പേർ മാത്രമാണ് യൂറോപ്യൻ യൂണിയൻ പൗരൻമാർ. ഇവരിൽ പകുതിപ്പേർ, അതായത് ആകെ ആളുകളുടെ മൂന്നര ശതമാനത്തോളം പേർ പോളണ്ട് അടക്കമുള്ള കിഴക്കൻ യൂറോപ്പിൽ നിന്നാണ്.

ബ്രിട്ടീഷുകാരായ തൊഴിലാളികളിൽ 47 ശതമാനവും 45 വയസുള്ളവരാണ്. വിദേശികളിൽ 18 ശതമാനം മാത്രമാണ് ഈ പ്രായത്തിലുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ