+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്ത്രയ നാലസ് എസ്പിഡി അധ്യക്ഷ

ബർലിൻ: എസ്പിഡിയുടെ പുതിയ അധ്യക്ഷയായി ആന്ത്രയ നാലെസ് തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച വീസ്ബാഡനിൽ നടന്ന പാർട്ടിയുടെ പ്രത്യേക സമ്മേളനത്തിലാണ് നാല്പത്തിയേഴുകാരിയായ ആന്ത്രയ നാലെസ് 66.36 ശതമാനം വോട്ടുനേടി പ
ആന്ത്രയ നാലസ് എസ്പിഡി അധ്യക്ഷ
ബർലിൻ: എസ്പിഡിയുടെ പുതിയ അധ്യക്ഷയായി ആന്ത്രയ നാലെസ് തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച വീസ്ബാഡനിൽ നടന്ന പാർട്ടിയുടെ പ്രത്യേക സമ്മേളനത്തിലാണ് നാല്പത്തിയേഴുകാരിയായ ആന്ത്രയ നാലെസ് 66.36 ശതമാനം വോട്ടുനേടി പാർട്ടിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഫ്ളെൻസ്ബുർഗ് നഗരാധ്യക്ഷയും നാല്പത്തിയൊന്നുകാരിയുമായ സിമോനെ ലാംഗെ ആയിരുന്നു നാലെസിന്‍റെ എതിരാളി. സമ്മേളനത്തിൽ 600 അംഗങ്ങൾ പങ്കെടുത്തു.

155 വർഷത്തെ ചരിത്രപാരന്പര്യമുള്ള ഒരുതൊഴിലാളി പാർട്ടിയെന്ന നിലയിൽ ആദ്യമായാണ് ഒരു വനിത പാർട്ടിയുടെ അമരത്തെത്തുന്നത്.

കഴിഞ്ഞ മന്ത്രിസഭയുടെ തുടക്കത്തിൽ പാർട്ടിയെ നയിച്ചിരുന്നത് സിഗ്മർ ഗബ്രിയേൽ ആയിരുന്നെങ്കിൽ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അദ്ദേഹം തന്നെ മുൻകൈയെടുത്ത് മാർട്ടൻ ഷൂൾസിനെ തലപ്പത്ത് പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പോരാട്ടം പോലും തെരഞ്ഞെടുപ്പിൽ കാഴ്ചവയ്ക്കാൻ ഷൂൾസിനും പാർട്ടിക്കും കഴിയാതെ വന്നതോടെയാണ് നേതൃമാറ്റം അനിവാര്യമായത്.

വനിതയിലേക്കുള്ള നേതൃമാറ്റം എന്നതിലുപരി ഒരു തലമുറ മാറ്റം കൂടിയാണ് നാലെസിന്‍റെ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചത് എന്നും വിശേഷിപ്പിക്കാം. പ്രായം കുറവാണെങ്കിലും ഇപ്പോഴുള്ള മുതിർന്നവരോളം പരിചയസന്പത്ത് രാഷ്ട്രീയത്തിൽ അവർക്കുണ്ടുതാനും. അതുതന്നെയുമല്ല മുൻ മെർക്കൽ മുന്നണി വിശാല മുന്നണി സർക്കാരിന്‍റെ തൊഴിൽ മന്ത്രിയായി വകുപ്പ് കൈകാര്യം ചെയ്തതിന്‍റെ തിളക്കവും നാലസിനെ പാർട്ടിയിൽ ജനപ്രിയയാക്കി. ജർമനിയിൽ 63-ാാം വയസിൽ ജോലിയിൽ നിന്നും വിരമിക്കാമെന്ന പുതിയ ചട്ടം രൂപപ്പെടുത്തിയതും ഇതുവരെ പ്രാബല്യത്തിലാക്കാതിരുന്ന മിനിമം കൂലി 8.50 എന്ന സംഖ്യയിലെത്തിച്ചതും നാലസിന്‍റെ മന്ത്രിയെന്ന നിലയിലുള്ള പ്രാപ്തിയുടെ അളവുകോലുതന്നെയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ