ബംഗളൂരു: നഗരത്തിൽ ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ സർവീസ് ദീർഘിപ്പിക്കാൻ നമ്മ മെട്രോ ഒരുങ്ങുന്നു. മത്സരദിവസങ്ങളിൽ നഗരത്തിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് ബിഎംആർസിഎലിൻറെ നടപടി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുന്ന ഏപ്രിൽ 25, 29, മേയ് ഒന്ന്, 17 തീയതികളിലാണ് സർവീസ് നീട്ടുന്നത്. ഈ ദിവസങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ 12.30 വരെ രണ്ടു ലൈനുകളിലും അധികസമയം സർവീസ് നടത്തും. ഈ സമയത്ത് 15 മിനിറ്റാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള.
മത്സരദിവസങ്ങളിൽ മടക്കയാത്രയ്ക്ക് കടലാസ് ടിക്കറ്റുകളും വിതരണം ചെയ്യും. ഏതു മെട്രോ സ്റ്റേഷനിൽ നിന്നും മടക്കടിക്കറ്റ് മുൻകൂട്ടി വാങ്ങാനാകും. വൈകുന്നേരം നാലു മുതൽ അവസാന സർവീസ് വരെ മാത്രമേ ഈ ടിക്കറ്റിന് മൂല്യമുണ്ടാകൂ. ആളൊന്നിന് 50 രൂപയാണ് കടലാസ്ടിക്കറ്റ് നിരക്ക്. കബണ്‍ പാർക്ക്, എംജി റോഡ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് പർപ്പിൾ ലൈനിലൂടെയും ഗ്രീൻ ലൈനിലൂടെയുമുള്ള ഏത് സ്റ്റേഷൻ വരെയും ഈ ടിക്കറ്റിന് യാത്ര ചെയ്യാം. അതേസമയം, സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് അധികസമയത്തും പതിവുപോലെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഐപിഎൽ മത്സര ദിവസങ്ങളിൽ മെട്രോ കൂടുതലോടും
10:19 PM Apr 19, 2018 | Deepika.com