കർണാടക ആർടിസി 24, കേരള ആർടിസി 22; വിഷുവിന് ആശ്വാസമായി സ്പെഷൽ ബസുകൾ

10:57 PM Apr 10, 2018 | Deepika.com
ബംഗളൂരു: വിഷു അവധിയോടനുബന്ധിച്ച് യാത്രാത്തിരക്ക് ഏറിയതോടെ മലയാളികൾക്ക് ആശ്വാസമായി കേരള, കർണാടക ആർടിസികളുടെ സ്പെഷൽ ബസുകൾ. നാട്ടിലേക്ക് തിരക്ക് കൂടുതലുള്ള 12, 13 തീയതികളിലാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. കേരള ആർടിസി ഇതുവരെ 22 സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയിലേക്കുള്ള ബുക്കിംഗ് തകൃതിയായി നടന്നുവരികയാണ്. ടിക്കറ്റ് തീരുന്നതനുസരിച്ച് പുതിയ ബസുകൾ പ്രഖ്യാപിക്കുമെന്നാണ് കേരള ആർടിസി അറിയിച്ചത്. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. 15, 16 തീയതികളിലായിരിക്കും സ്പെഷൽ സർവീസുകൾ.

വിഷുത്തിരക്കിനോടനുബന്ധിച്ച് കർണാടക ആർടിസി രണ്ടു ദിവസങ്ങളിലായി 24 സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്. എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, മൂന്നാർ, കുമളി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും ബസുകളുണ്ടാകും.

അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ മാസങ്ങൾക്കു മുമ്പുതന്നെ ടിക്കറ്റുകൾ തീർന്നിരുന്നു. കേരള, കർണാടക ആർടിസികളുടെ പതിവു ബസുകളിലും ടിക്കറ്റ് തീർന്നതോടെ സ്പെഷൽ ബസുകൾ മാത്രമാണ് യാത്രക്കാർക്ക് ആശ്വാസം. തിരക്ക് മുതലാക്കാൻ സ്വകാര്യ ബസുകൾ കൂടിയ നിരക്ക് ഈടാക്കുന്നതും പതിവാണ്.