+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ നാല്പതാം വെള്ളി ആചരണം ഭക്തിനിർഭരമായി

നേവിഗസ്: ജർമനിയിലെ ഇന്ത്യൻ സമൂഹം പൂർവാധികം ഭംഗിയായി നാല്പതാം വെള്ളി ആചരിച്ചു. വൈകുന്നേരം 5.15 ന് നേവിഗസിലെ മരിയൻ കത്തീഡ്രലിന്‍റെ താഴ്വരയിൽക്കൂടി നടത്തിയ ഭക്തിനിർഭരമായ കുരിശിന്‍റെ വഴിയോടെ ആചരണത്തിനു
ജർമനിയിൽ നാല്പതാം വെള്ളി ആചരണം ഭക്തിനിർഭരമായി
നേവിഗസ്: ജർമനിയിലെ ഇന്ത്യൻ സമൂഹം പൂർവാധികം ഭംഗിയായി നാല്പതാം വെള്ളി ആചരിച്ചു. വൈകുന്നേരം 5.15 ന് നേവിഗസിലെ മരിയൻ കത്തീഡ്രലിന്‍റെ താഴ്വരയിൽക്കൂടി നടത്തിയ ഭക്തിനിർഭരമായ കുരിശിന്‍റെ വഴിയോടെ ആചരണത്തിനു തുടക്കമായി.

ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കുരിശിന്‍റെ വഴിക്കു നേതൃത്വം നൽകി. തുടർന്നു മരിയൻ കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. തോമസ് ചാലിൽ സിഎംഐ, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവർ കാർമികത്വം വഹിച്ചു. സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ നടത്തിയ ഗാനാലാപനം ശുശ്രൂഷകൾക്ക് ഭക്തിസാന്ദ്രത പകർന്നു.

ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും ആഹൻ, എസൻ എന്നീ രൂപതകളിലെയും ഇന്ത്യൻ സമൂഹം പങ്കെടുത്ത കുരിശിന്‍റെ വഴിക്കും മറ്റു ചടങ്ങുകൾക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യൻ കമ്യൂണിറ്റിയിലെ സെന്‍റ് മാർട്ടിൻ ബെർഗിഷസ് ലാന്‍റ് ഷ്വെൽമ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യൻ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

തിരുക്കർമാചരണത്തിൽ പങ്കെടുത്തവർക്ക് സെന്‍റ് മാർട്ടിൻ ബെർഗിഷസ്ലാന്‍റ് ഷ്വെൽമ് കുടുംബകൂട്ടായ്മ പ്രസിഡന്‍റ് മേഴ്സി തടത്തിൽ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തിൽ മേരിമ്മ അത്തിമൂട്ടിൽ, അമ്മിണി മണമയിൽ, പുഷ്പ ഇലഞ്ഞിപ്പിള്ളി എന്നിവർ പരിപാടികളുടെ നടത്തിപ്പിൽ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തിൽ നിരവധി സന്യാസിനികൾ ഉൾപ്പടെ ഏതാണ്ട് ഇരുനൂറോളം പേർ പങ്കെടുത്തു. മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ മരിയൻ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ