ബംഗളൂരു: മണ്ഡ്യരൂപതയുടെ ആഭിമുഖ്യത്തിൽ അട്ടപ്പാടി സെഹിയോൻ മിനീസ്ട്രീസ് ഡയറക്ടർ സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഈമാസം 15 മുതൽ 19 വരെ ധർമാരാം ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിലാണ് കണ്വൻഷൻ നടക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ എട്ടുവരെ നടക്കുന്ന ബൈബിൾ കണ്‍വൻഷനിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടാകും. കൗണ്‍സിലിംഗിനും കുന്പസാരത്തിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കണ്‍വൻഷൻറെ ഉദ്ഘാടനം 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ട് നിർവഹിക്കും. മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ സന്നിഹിതനായിരിക്കും.
സഭ യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ വിദ്യാർഥികൾക്കും, യുവതീയുവാക്കൾക്കും വേണ്ടി പ്രത്യേക പ്രാർഥനാ ശുശ്രൂഷ ഉണ്ടായിരിക്കും. കണ്‍വൻഷൻറെ വിജയത്തിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന പ്രാർഥനാ ശുശ്രൂഷയ്ക്ക് മാണ്ഡ്യ രൂപത വികാരി ജനറാളും കണ്വൻഷൻ ജനറൽ കോഓർഡിനേറ്ററുമായ റവ. ഡോ. മാത്യു കോയിക്കര സിഎംഐ നേതൃത്വം നല്കി. ജനറൽ കണ്‍വീനർ ഫാ. ബെന്നി പേങ്ങിപ്പറന്പിൽ, ജോയിൻറ് ജനറൽ കണ്‍വീനർ ഫാ. ജോർജ് മൈലാടൂർ, അസോസിയേറ്റ് ജനറൽ കണ്‍വീനർമാരായ ഫാ. തോമസ് കൊച്ചുപുരയ്ക്കൽ, കെ.പി. ചാക്കപ്പൻ, സെക്രട്ടറി സാബു ജോർജ് എന്നിവർ കമ്മറ്റികളുടെ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. കണ്‍വൻഷൻറെ ഒരുക്കശുശ്രൂഷ 13ന് തീയതി വൈകുന്നേരം വചനകൂടാരത്തിൽ നടക്കും.
ബംഗളൂരു അഭിഷേകാഗ്നി കണ്വൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
10:30 PM Mar 12, 2018 | Deepika.com