അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ആഗ്രഹം സഫലമാകുന്നു. ഭാര്യയ്ക്കും മക്കൾക്കും വീട് വെയ്ക്കാൻ ഏഴ് സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകിയിരിക്കുകയാണ് ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ.
ചങ്ങനാശേരിയിലാണ് വീട് വെയ്ക്കാനുള്ള സ്ഥലം നൽകിയിരിക്കുന്നത്. സുധിയുടെ രണ്ട് മക്കളായ രാഹുലിന്റെയും റിഥുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.
‘‘എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്ട്രേഷൻ പൂർണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നൽകിയത്. വീടു പണി ഉടൻ തുടങ്ങും.’’–ബിഷപ് നോബിൾ ഫിലിപ്പ് പറഞ്ഞു.