+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നഗ്രെറ്റ് ക്രാംപ് ജർമനിയുടെ മെർക്കൽ ജൂണിയർ

ബർലിൻ: ജർമൻ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടു അഞ്ചു മാസത്തോളം പിന്നിടുന്പോഴും പുതിയൊരു സർക്കാർ അധികാരത്തിലേറാത്ത സാഹചര്യത്തിൽ ചാൻസലർ മെർക്കലിന്‍റെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടി പുതിയ
അന്നഗ്രെറ്റ് ക്രാംപ്  ജർമനിയുടെ മെർക്കൽ ജൂണിയർ
ബർലിൻ: ജർമൻ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടു അഞ്ചു മാസത്തോളം പിന്നിടുന്പോഴും പുതിയൊരു സർക്കാർ അധികാരത്തിലേറാത്ത സാഹചര്യത്തിൽ ചാൻസലർ മെർക്കലിന്‍റെ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടി പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത് ശ്രദ്ധേയമായി. ജർമൻ ചാൻസലർ ആംഗലാ മെർക്കൽ തന്നെയാണ് മെർക്കലിന്‍റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അന്നഗ്രെറ്റ് ക്രാംപ് കാറൻബോവർ എന്ന അൻപത്തിയഞ്ചുകാരിയെ സിഡിയുവിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി അവതരിപ്പിച്ചുകൊണ്ട് മെർക്കൽ ജൂനിയർ ആയി വിശേഷിപ്പിച്ചത്. നിലവിൽ ജർമനിയിലെ ചെറിയ സംസ്ഥാനമായ സാർലാന്‍റ് മുഖ്യമന്ത്രിയാണ് അന്നഗ്രെറ്റ്. മെർക്കൽ ബർലിനിൽ തിങ്കളാഴ്ച ഉച്ചയ്ക്കു നടത്തിയ പത്രസമ്മേളനത്തിൽ എ.കെ.കെ. എന്ന ഓമനപ്പേരാണ് അന്നഗ്രേറ്റിനു നൽകിയത്.

ആംഗല മെർക്കലിന് പാർട്ടിയിൽ ഒരു എതിരാളിയില്ല. എന്നാൽ, പ്രായമേറുന്തോറും അവർക്കൊരു പിൻഗാമിയെ തേടുക എന്ന പാർട്ടിയുടെ ആവശ്യമായി മാറിയ സാഹചര്യത്തിലാണ് ആദ്യപടിയെന്നോണം ഇപ്പോൾ ഈ സ്ഥാനത്തേക്ക് അന്നഗ്രെറ്റ് ക്രാംപ് കാറൻബോവറെ മെർക്കൽ ജനറൽ സെക്രട്ടറിയായി അവരോധിച്ചത്. നിലവിലെ പാർട്ടി ജനറൽ സെക്രട്ടറി പീറ്റർ ടൗബർ അനാരോഗ്യം മൂലം ജനറൽ സ്ഥാനം ഒഴിയുന്നവെന്നാണ് വിശദീകരണം.

മെർക്കൽ 1998 മുതൽ 2000 വരെ സിഡിയുവിന്‍റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീടാണ് പാർട്ടിയദ്ധ്യക്ഷയായി മെർക്കൽ തെരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതെങ്കിലും കാരണത്താൽ മെർക്കലിനു മാറി നിൽക്കേണ്ടി വന്നാൽ ബുണ്ടസ് ടാഗ് പ്രസിഡന്‍റ് വോൾഫ്ഗാങ് ഷോയ്ബിളിനെ മാത്രമാണ് പകരക്കാരനായി പരിഗണിക്കാനുണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിനു മെർക്കലിനെക്കാൾ പ്രായമുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു പിൻഗാമിയായി കാണാനുമാകില്ല എന്ന വസ്തുതയും നിലനിൽക്കുന്പോഴാണ് മെർക്കൽ എകെകെ യെ അവതരിപ്പിച്ച് താക്കോൽ സ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നതത്.

2020 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അന്നഗ്രെറ്റിനെയാവും സിഡിയു ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുക എന്നത് ഇപ്പോൾ വ്യക്തമായി. ഇക്കാര്യം നേരത്തെ മെർക്കൽ തന്നെ തന്‍റെ പിൻഗാമിയെ പ്രഖ്യാപിച്ചത് ഏവരേയും അന്പരപ്പിച്ചിരിക്കുന്നത്. മെർക്കലിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരിയായ ഉർസുല ഫൊണ്‍ ഡെർ ലയന്‍റെ സ്ഥാനത്താണ് ഇപ്പോൾ അന്നഗ്രറ്റിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

മുന്നണി സർക്കാർ രൂപീകരിക്കുന്പോൾ വരുന്ന മന്ത്രിമാരുടെ പട്ടികയും വരുംകാല നേതൃത്വത്തിലേക്ക് ഒരു ചൂണ്ടു പലകയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. യെൻസ് സ്പാൻ അടക്കം മെർക്കലിന്‍റെ കടുത്ത വിമർശകർക്കൊന്നും ഇക്കുറി മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാനിടയില്ല. കഴിഞ്ഞ മന്ത്രിസഭയിൽ കരുത്തരായിരുന്ന പ്രതിരോധ മന്ത്രി ഉർസുല വോൻ ഡെർ ലെയനും ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറും ഇക്കുറി ഒതുക്കപ്പെടുമെന്നും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.

അന്നഗ്രെറ്റ് ആയിരിക്കും തന്‍റെ പിൻഗാമിയെന്ന് മെർക്കൽ പലവട്ടം പരോക്ഷമായി സൂചന നൽകിയിരുന്നതിപ്പോൾ മറ നീക്കി പുറത്തു വന്നിരിക്കുന്നത്. എന്നാൽ, ഇനിയിപ്പോൾ അന്നഗ്രെറ്റ് പാർട്ടിക്കുള്ളിലും പൊതു സമൂഹത്തിലും ആവശ്യമായ പിന്തുണ നേടിയെടുക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവായും അവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദീർഘകാല ഭരണപരിചയമാണ് അന്നഗ്രെറ്റിന്‍റെ പ്ലസ് പോയിന്‍റുകളിലൊന്ന്. സാർലാൻഡിലെ 72 ശതമാനം ജനങ്ങളും പാർട്ടി വ്യത്യാസത്തിനുപരി അവരുടെ ഭരണ മികവിൽ സംതൃപ്തരാണ്. ബവേറിയൻ സഹോദര പാർട്ടിയായ സിഎസ്യുവിന്‍റെ പിന്തുണയും അവർക്കുണ്ട് എന്നതും അന്നഗ്രറ്റിനു ജർമനിയുടെ അടുത്ത മെർക്കൽ എന്ന സ്ഥാനം നേടിക്കൊടുക്കും എന്നതിൽ രണ്ടുപക്ഷമില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ