ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ രചനയും സംവിധാനവും നിർവഹിക്കുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈനാണ് വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.
സ്വാസിക, ഗ്രേസ് ആന്റണി, മെറീന മൈക്കിൾ, മാല പാർവതി, സ്മിനു സിജോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കാലിക പ്രാധാന്യമുള്ള പ്രമേയത്തിൽ അവതരിപ്പിക്കുന്ന ചിത്രം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ക്ലീൻ എന്റടെയ്നറാണ്.
ശരത് സഭ, നിയാസ് ബക്കർ, റിയാസ് (മറിമായം ഫെയിം) സിനോജ് വർഗീസ്, മജീദ്, അനുഷ മോഹൻ, രാധ ഗോമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരി നാരായണന്റെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും ഇന്ദു ലാൽ കവിദ് കലാസംവിധാനവും നിർവഹിക്കുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.