വിഖ്യാത ശാസ്ത്രജ്ഞനും അറ്റോമിക് ബോംബ് പിതാവുമായ ജൂലിയസ് റോബര്‍ട്ട് ഒപ്പെണ്‍ഹെയ്മെററുടെ ജീവചരിത്രം ആസ്പദമാക്കി ഒരുക്കുന്ന ഹോളിവുഡ് മൂവി 'ഒപ്പെണ്ഹെയ്മെര്' ജൂലൈ 21-ന് തിയറ്ററുകളിലെത്തും.
ക്രിസ്റ്റഫര്‍ നോളന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഐമാക്സ് ഫോര്‍മാറ്റിലാണ് ചിത്രീകരിച്ചിട്ടുള്ളത്.
പുലിറ്റ്സര്‍ പുരസ്കാരം നേടിയ അമേരിക്കന്‍ പ്രോമിത്യുസ്: ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഒപ്പെണ്ഹെയ്മെര് എന്ന പുസ്തകം ആധാരമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
കയ്ബെര്‍ഡും മാര്ട്ടിന് ജെ. ഷെര്‍വിനും ചേര്‍ന്നാണ് പുസ്തകം രചിച്ചത്. 1904 മുതല്‍ 1967 വരെ ജീവിച്ച ഒപ്പെണ്ഹെയ്മെറുടെ കാലഘട്ടത്തിനു അനുസൃതമായി ഏതാനും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോഗ്രാഫിയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒപ്പെണ്ഹെയ്മെറും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒരുമിച്ചു ജോലി ചെയ്ത പ്രിന്‍സ്റ്റന്‍ യൂണിവേഴ്സിറ്റിക്കുള്ളിലും സിനിമയുടെ ഏതാനും ഭാഗം ചിത്രീകരിച്ചിട്ടുണ്ട്.
ഒപ്പെണ്ഹെയ്മെര് ആറ്റം ബോംബ് നിര്‍മിച്ച ശേഷം ലോക ശക്തികള്‍ നാശത്തിനും തകര്‍ച്ചക്കും വേണ്ടി മത്സരിക്കുകയായിരുന്നു. ഒപ്പെണ്‍ഹെയ്മെററുടെ വീക്ഷണത്തിലൂടെയാണ് കഥ നീങ്ങുന്നത്.
സിലിയന്‍ മര്‍ഫിയാണ് ഒപ്പെണ്ഹെയ്മെറായി വേഷമിടുന്നത്. ഭാര്യയായി എമിലി ബ്ലണ്ടാണ് എത്തുന്നത്. റോബര്‍ട്ട് ബ്രൗണി ജൂനിയര്‍, മാറ്റ് ഡെമോണ്‍, റാമി മലേക്, കെന്നെത് ബ്രനാഗ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.