കത്രീന കൈഫിന്റെ 40-ാം ജന്മദിനം ആഘോഷമാക്കി ഭർത്താവും നടനുമായ വിക്കി കൗശൽ. മാലി ദ്വീപിൽ വച്ചായിരുന്നു ജൻമദിനാഘോഷം നടന്നത്. കത്രീനയുടെ സഹോദരൻ സെബാസ്റ്റ്യൻ ലോറെന്റ് മിഷേലും സഹോദരി ഇസബെല്ലെ കൈഫും പിറന്നാൾ ആഘോഷത്തിനെത്തിയിരുന്നു.
ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് വിക്കി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. നിന്റെ മാന്ത്രികതയിൽ എല്ലാ ദിനവും...ജൻമദിനാശംസകൾ പ്രിയപ്പെട്ടവളേ എന്നാണ് വിക്കി കുറിച്ചത്.
1983ൽ ഹോങ്കോംഗിലാണ് കത്രീന കൈഫ് ജനിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ‘ബൂം’ എന്ന ചിത്രത്തിലൂടെയാണ് കത്രീന ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സൽമാൻ ഖാനൊപ്പം മേനെ പ്യാർ ക്യും കിയ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി.
ഇതിനിടയിൽ സൽമാൻ ഖാനുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ കിംവദന്തികളായി തന്നെ അവ നിലനിന്നു. അതിനെക്കുറിച്ച് യാതൊരു പ്രതികരണവും താരം നടത്തിയില്ല.
തുടർന്ന് അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടൻ രൺബീർ കപൂറുമായി താരം പ്രണയത്തിലായി. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. എന്നാൽ 2016ൽ ഇരുവരും പിരിഞ്ഞു.
ഒടുവിൽ തന്നേക്കാൾ അഞ്ചുവയസിന് ഇളയതായ നടൻ വിക്കി കൗശലുമായി വിവാഹം. 2021 ഡിസംബർ ഒൻപതിന് രാജസ്ഥാനിലെ സവായ് മധോപൂരിലെ ഫോർട്ട് ബർവാരയിലുള്ള സിക്സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.