പ്രശസ്ത നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ബിസിനസുകാരനാണ് ശ്രേയസ്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ്. 2024 ജനുവരി 17നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഗുരുവായൂരിൽ വച്ചാകും വിവാഹം നടക്കുക. റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് നടക്കും.
വിവാഹം ഉറപ്പിച്ച സന്തോഷം ഭാഗ്യയും പങ്കുവച്ചു. പ്രതിശ്രുത വരൻ ശ്രേയസ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഷെയർ ചെയ്തുകൊണ്ടാണ് ഭാഗ്യ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്.
സുരേഷ് ഗോപിയുടെയും രാധികയുടെയും അഞ്ചുമക്കളിൽ മൂത്തയാളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ.
ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്നുമാണ് ഭാഗ്യ ബിരുദം പൂർത്തിയാക്കിയത്. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.