+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപ് ബ്രിട്ടണ്‍ സന്ദർശനം റദ്ദാക്കി

ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. പുതിയ എംബസി വാങ്ങിയ മുൻ സർക്കാറിന്‍റെ നടപടിയെ വിമർശിച്ചാണ് നടപടി. നിലവിലെ എംബസി ചുളുവിലയ്ക്ക് വിറ്റ് ഒബാമ ഭരണക
ട്രംപ് ബ്രിട്ടണ്‍ സന്ദർശനം റദ്ദാക്കി
ലണ്ടൻ: ബ്രിട്ടൻ സന്ദർശിക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. പുതിയ എംബസി വാങ്ങിയ മുൻ സർക്കാറിന്‍റെ നടപടിയെ വിമർശിച്ചാണ് നടപടി.

നിലവിലെ എംബസി ചുളുവിലയ്ക്ക് വിറ്റ് ഒബാമ ഭരണകൂടം പുതിയ എംബസി വാങ്ങിയത് “മോശം ഇടപാടായിരുന്നുവെന്നു കുറ്റപ്പെടുത്തിയാണ് ട്രംപ് അത് ഉദ്ഘാടനം ചെയ്യാനായി ലണ്ടനിലേക്കില്ലെന്ന് ട്വിറ്റർ വഴി പ്രഖ്യാപിച്ചത്.

ജനുവരി 16ന് നടക്കുന്ന എംബസി ഉദ്ഘാടന ചടങ്ങിൽ ട്രംപിനു പകരം വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണായിരിക്കും പങ്കെടുക്കുകയെന്നാണ് സൂചന. അതേസമയം ബ്രിട്ടീഷ് അധികൃതർ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെൻട്രൽ ലണ്ടനിലെ പ്രധാന കേന്ദ്രമായ മെയ്ഫെയറിലെ ഗ്രോസ്വെനർ സ്ക്വയറിൽനിന്ന് തെംസ് നദിക്ക് തെക്കുള്ള തിരക്കുകുറഞ്ഞ നയൻ എലംസിലേക്ക് എംബസി മാറ്റുന്നതിനുള്ള 120 കോടി ഡോളറിന്‍റെ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. നേരത്തേ ജോർജ് ബുഷിന്‍റെ കാലത്ത് ഈ നീക്കം നടന്നിരുന്നുവെങ്കിലും ഒബാമയുടെ കാലത്താണ് ഇതു യാഥാർഥ്യമായത്.

സുരക്ഷാ, പരിസ്ഥിതി കാരണങ്ങളെ തുടർന്നാണ് എംബസി മാറ്റാൻ തീരുമാനിച്ചത്. ഖത്തറിലെ ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്‍റ് കന്പനിക്കാണ് പഴയ എംബസി കെട്ടിടം വിറ്റത്. ആഡംബര ഹോട്ടലാക്കി മാറ്റാനാണ് കന്പനിയുടെ പദ്ധതി.

എംബസി ഉദ്ഘാടനത്തിന് മാത്രമായുള്ള വരവായിട്ടായിരുന്നു ട്രംപിന്‍റെ സന്ദർശനം തീരുമാനിച്ചിരുന്നത്. ഫെബ്രുവരിയിൽ ബ്രിട്ടൻ സന്ദർശിക്കാൻ എലിസബത്ത് രാജ്ഞി ട്രംപിനെ ക്ഷണിച്ചിരുന്നു. ഫെബ്രുവരി 26, 27 തീയതികളിലായിരിക്കും സന്ദർശനമെന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ