+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുവർഷത്തിൽ ജർമനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റ് താണ്ഡവമാടി

ബർലിൻ: പുതുവർഷാഘോഷം ശാന്തമായി കടന്നുപോയെങ്കിലും ശൈത്യത്തിന്‍റെ പിടിയിൽ അമർന്ന ജർമനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടി. കാലാവസ്ഥാപ്രവചനം ശരിവയ്ക്കുന്ന രീതിയിൽ മണിക്കൂറിൽ 120 മുത
പുതുവർഷത്തിൽ ജർമനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റ് താണ്ഡവമാടി
ബർലിൻ: പുതുവർഷാഘോഷം ശാന്തമായി കടന്നുപോയെങ്കിലും ശൈത്യത്തിന്‍റെ പിടിയിൽ അമർന്ന ജർമനിയെ പിടിച്ചുലച്ച് കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടി.

കാലാവസ്ഥാപ്രവചനം ശരിവയ്ക്കുന്ന രീതിയിൽ മണിക്കൂറിൽ 120 മുതൽ 160 കിലോ മീറ്റർ വേഗതയിലായിരുന്നു കാറ്റ് വീശിയത്. പുതുവർഷ പുലരിയിലും ചൊവ്വാഴ്ച രാത്രിയിലും ഇടതടവില്ലാതെ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ചുഴലികൊടുങ്കാറ്റ് ജർമനിയിലുടനീളം വീശിയത്. ഇതിന്‍റെ വെളിച്ചത്തിൽ ജർമനിയിൽ റെഡ് അലെർട്ടിലൂടെ ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് തുടരുകയാണ്.

നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിൽ പോലീസും ഫയർഫോഴ്സും അത്യാഹിത വിഭാഗങ്ങളും രക്ഷാപ്രവർത്തനത്തിലാണ്. മരങ്ങൾ കടപുഴകി വീണ് ചിലയിടങ്ങളിൽ റെയിൽ ഗതാഗതം തടസപ്പെടുകയും വൈദ്യുതി ലൈനുകൾ തകരാറിലായിട്ടുമുണ്ട്. കാറ്റിന്‍റെ ശക്തിയിൽ ഹൈവേകളിൽ വലിയ ട്രക്കുകൾ മറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ചുഴലിക്കാറ്റ് നോർത്തിൽ നിന്ന് ഉത്ഭവിച്ച് ജർമനിയുടെ കിഴക്കൻ മേഖലകളിലേയ്ക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. സ്ട്രാസ്ബുർഗ്, ബാസൽ എയർപോർട്ടുകളിൽ വ്യോമഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

തണുപ്പിന്‍റെ കാഠിന്യം അത്ര മോശമല്ലെങ്കിലും ശൈത്യത്തിന്‍റെ പിടിയിലാണ് ജർമനി. ചിലയിടങ്ങളിൽ അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തണുപ്പു തുടരുകയാണ്. തെക്കു കിഴക്കൻ മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ