വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് ഇന്ത്യ ഭരിക്കുന്നതെന്ന കാജോളിന്റെ പ്രസ്താവന വിവാദമായിരുന്നു. പരാമർശനത്തിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് താരം നേരിട്ടത്.
ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാഗം ഈ പ്രസ്താവന ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ആക്രമണമാണ് കജോളിനെതിനെ നടക്കുന്നത്.
""ഇന്ത്യ പോലെയൊരു രാജ്യത്ത് മാറ്റങ്ങൾ വളരെ പതുക്കെയാണ് നടക്കുന്നത്. നമ്മൾ നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകി ഇരിക്കുകയാണ്. വിദ്യാഭ്യാസം കൊണ്ടേ അതിന് മാറ്റം വരികയുള്ളൂ. യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയുമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്.
സോറി എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ! അത്തരത്തിൽ ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മളെ ഭരിക്കുന്നതെന്നാണ്'' ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ കജോൾ പറഞ്ഞത്.
I was merely making a point about education and its importance. My intention was not to demean any political leaders, we have some great leaders who are guiding the country on the right path.
— Kajol (@itsKajolD) July 8, 2023
സംഭവം വിവാദമായതോടെ വിശദീകരണവുമായി താരം എത്തി. വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ നിന്ദിക്കുകയായിരുന്നില്ല ഉദ്ദേശമെന്നും കജോൾ വിശദീകരണം നൽകി. രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന വലിയ നേതാക്കൾ നമുക്കുണ്ടെന്നും കജോൾ ട്വീറ്റ് ചെയ്തു.